എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തും: ശിവസേന

-കൊച്ചി: കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന എന്‍ഡിഎക്കെതിരേ ദേശീയ തലത്തിലുള്ള എന്‍ഡിഎയിലെ രണ്ടാംകക്ഷിയായ ശിവസേനയുടെ കേരള ഘടകം. ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ഥികള്‍ക്കെതിരേ എന്‍ഡിഎ എന്ന പേരില്‍ എതിര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ശിവസേന മീഡിയ വിഭാഗം ചെയര്‍മാന്‍ അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ രാഷ്ട്രീയകാര്യസമിതി അധ്യക്ഷന്‍ ടി ആര്‍ ദേവന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പെരിങ്ങമ്മല അജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ സഖ്യം രൂപീകരിക്കാന്‍ ബിജെപി കേരള ഘടകത്തിന് അവകാശമില്ല. ദേശീയ ജനാധിപത്യ സഖ്യം എന്നത് ഒരു പ്രാദേശിക കൂട്ടുകെട്ടല്ല. 1998ല്‍ ദേശീയ തലത്തില്‍ ശിവസേനയും ബിജെപിയും ചേര്‍ന്നു രൂപംകൊടുത്ത ദേശീയ മുന്നണിയാണ് എന്‍ഡിഎ. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ പുറന്തള്ളുന്നതും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തവുമായ പാര്‍ട്ടികളെ ചേര്‍ത്ത് മുന്നണി ഉണ്ടാക്കിയിരിക്കുന്ന ബിജെപി ഈ തിരഞ്ഞെടുപ്പോടുകൂടി കേരള രാഷ്ട്രീയത്തില്‍നിന്നും തുടച്ചുനീക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
ഏതുവിധേനയും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയ്ക്കുള്ളില്‍ കടന്നുകൂടണമെന്ന അടങ്ങാത്ത മോഹം തലയ്ക്കുപിടിച്ച കേരളത്തിലെ ബിജെപി നേതാക്കള്‍ സി കെ ജാനുവിന്റെയും കെ ആര്‍ ഗൗരിയമ്മയുടെയും വീടിനു മുന്നില്‍ കാവല്‍ നില്‍ക്കുന്ന ഗതികേടിലേക്ക് പാര്‍ട്ടിയെ എത്തിച്ചിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു. മാറാട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന കുമ്മനം രാജശേഖരന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ മല്‍സരിക്കുന്ന 45 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പെരുങ്ങുമല അജി, ജോസി മാത്യു, സോണിയ ജോസ്, സി ആര്‍ ലെനില്‍, കെ വി കുഞ്ഞുമോന്‍, അഡ്വ. സാം ഐസക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it