എന്‍ഡിഎ കേരള ഘടകം രൂപീകരിക്കാന്‍ ബിജെപി- ബിഡിജെഎസ് ധാരണ

തിരുവനന്തപുരം: എന്‍ഡിഎ കേരള ഘടകം രൂപീകരിക്കാന്‍ ബിജെപി- ബിഡിജെഎസ് ചര്‍ച്ചയില്‍ തീരുമാനമായി. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്നു സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ബിഡിജെഎസ് കൂടാതെ മറ്റ് ചിലരും മുന്നണിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനകാര്യം ഇന്നു ഉച്ചയ്ക്ക് ശേഷം ചര്‍ച്ചചെയ്യുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രാരംഭ ചര്‍ച്ചകളാണ് നടന്നത്. എന്‍ഡിഎ കേരള ഘടകത്തില്‍ കൂടുതല്‍ കക്ഷികള്‍ ഉണ്ടാവുമെന്നും തുഷാര്‍ സൂചിപ്പിച്ചു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപി, ബിഡിജെഎസ് നേതൃത്വങ്ങള്‍ ആരംഭിച്ച ചര്‍ച്ചയില്‍ 60 സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ വി മുരളീധരന്‍, സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ ആര്‍ ഉമാകാന്തന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, ടി വി ബാബു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജയസാധ്യതയുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ ബിഡിജെഎസ് നേതൃത്വം മുന്നോട്ട്‌വച്ചു. ബിജെപി നേതൃത്വത്തില്‍ നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ നല്‍കുന്ന സൂചന. മുന്‍നിര നേതാക്കള്‍ മത്സരിക്കുന്നതും മണ്ഡലങ്ങളുടെ പങ്കുവയ്ക്കലും അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകളില്‍ തീരുമാനമുണ്ടാവും.
ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കാന്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ബിഡിജെഎസ് നേതൃത്വം തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ സംസ്ഥാനത്തും ബിജെപി നേതാക്കളുമായി ചര്‍ച്ച നടന്നത്. ഇന്നു ഉച്ചയ്ക്ക് രണ്ട് മണിക്ക് സീറ്റ് ചര്‍ച്ച തുടരും.
Next Story

RELATED STORIES

Share it