wayanad local

എന്‍ഡിഎയോട് അടുപ്പിച്ചത് മുന്നണികളുടെ ആദിവാസിവിരുദ്ധ നിലപാട്: സി കെ ജാനു

കല്‍പ്പറ്റ: ഇടത്-വലത് മുന്നണികളുടെ ആദിവാസിവിരുദ്ധ സമീപനമാണ് തന്നെ എന്‍ഡിഎയോട് അടുപ്പിച്ചതെന്നു ജെആര്‍എസ് സംസ്ഥാന അധ്യക്ഷ സി കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമൂഹത്തിലെ താഴെത്തട്ടിലുള്ള വനവാസികളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടത്-വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ ഇന്നും നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് നിരത്തിനരികിലെ സമരങ്ങള്‍ നിയമസഭക്കകത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് തന്റെ ദൗത്യം.
അതിന് രാഷ്ട്രീയ ഇച്ഛാശക്തി കൂടിയേതീരൂ. ഇക്കാരണത്താലാണ് എന്‍ഡിഎയുടെ ഭാഗമായത്.
വനവാസികളെയും ദലിതരെയും രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാന്‍ പോലും മുന്നണികള്‍ക്കായില്ല.
വനവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള സമരത്തിനും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള സമരത്തിലും ഇനിയും സമരരംഗത്തുണ്ടാവുമെന്ന് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു. വനവാസികളുടെ നരകതുല്യമായ ജീവിതത്തിന് പരിഹാരം കാണാന്‍ ബുദ്ധിജീവികള്‍ക്കാവില്ലെന്നും അതിന് രാഷ്ട്രീയശക്തി കൂടിയേ തീരൂ എന്നും സി കെ ജാനു കൂട്ടിച്ചേര്‍ത്തു.
ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി സി മോഹനന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി ജി ആനന്ദ്കുമാര്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it