kozhikode local

എന്‍ഡിഎയെ ജനങ്ങള്‍ സ്വീകരിച്ചുവെന്നത് തെറ്റിദ്ധരിപ്പിക്കുന്നത്: എച്ച് ഡി ദേവഗൗഡ

വടകര: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന എന്‍ഡിഎ സര്‍ക്കാരിനെ ജനങ്ങള്‍ സ്വീകരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. കേരളത്തില്‍ മല്‍സരിക്കുന്നത് യുഡിഎഫും എന്‍ഡിഎയുമാണെന്ന് മുഖമന്ത്രി പറയുന്നത് ഇവര്‍ തമ്മിലുള്ള ബാന്ധവത്തിന്റെ വേറൊരു മുഖമാണ്. കഴിഞ്ഞ കേന്ദ്രഭരണത്തില്‍ നടന്ന അഴിമതിയുടെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ നടന്നതെന്നും ദേവഗൗഡ പറഞ്ഞു. വടകര ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി സി കെ നാണുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ബാഹുല്യമാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഭരണം കഴിഞ്ഞ യുപിഎ സര്‍ക്കാരിനേക്കാള്‍ തരംതാണ രീതിയിലാണ്. പ്രധാനമന്ത്രി ഇപ്പോള്‍ വേവലാതിയിലാണ്. രണ്ട് കൊല്ലം കൊണ്ട് തന്റെയും സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കും വിധമാണ് മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇക്കാരണത്താലാണ് ബിജെപി നേതാക്കള്‍ ഒന്നടങ്കം കേരളത്തില്‍ വന്ന് പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മതേതര മുന്നണികളെ തമ്മിലടിപ്പിക്കാനാണ് അധികാരത്തിലേറിയപ്പോള്‍ ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞ യുപിഎ ഭരണത്തില്‍ വിവിധ കമ്മീഷനുകളെ നിയമിച്ച് കൊണ്ട് അന്വേഷിച്ച എല്ലാ അഴിമതി കേസുകളും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അഴിമതിയില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ ആവര്‍ത്തിച്ച കേരളത്തെ ഇനി ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും, എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ. ഇ എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ സെക്കുലര്‍ ദേശീയ ജന സെക്രട്ടറി ഡാനിഷ് അലി, ആര്‍ ഗോപാലന്‍, സ്ഥാനാര്‍ഥി സി കെ നാണു, പി വിശ്വന്‍ മാസ്റ്റര്‍, എന്‍ സി പി നേതാവ് മുക്കം മുഹമ്മദ്, സോമന്‍ മുതുവന, എം കെ പ്രേംനാഥ്, കെ ലോഹ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it