Flash News

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി : തൃപ്തനെന്ന് നിതീഷ് ; അപക്വമെന്ന് മമത; നിഷേധാത്മക നിലപാടെടുക്കില്ല - മായാവതി



മുംബൈ/പട്‌ന/ലഖ്‌നോ: ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍ഡിഎ പരിഗണിച്ചതില്‍ ഏറെ സന്തോഷവാനാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. എന്നാല്‍, എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജനതാദള്‍ യുനൈറ്റഡിന്റെ പിന്തുണയുണ്ടാവുമോ എന്നതിനെ സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥി ഒരു ദലിതനായതിനാല്‍ ബിഎസ്പിയുടേത് നിഷേധാത്മകമായ നിലപാടായിരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എന്നാല്‍, എന്‍ഡിഎയെ പിന്തുണക്കുമോ എന്നത് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം എന്‍ഡിഎ തീരുമാനം പക്വതയോടെയുള്ള നീക്കമല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞു. ബീഹാര്‍ ഗവര്‍ണറായപ്പോള്‍ മാത്രമാണ് രാംനാഥ് കോവിന്ദിന്റെ പേര് കേട്ടത്. അതിനു മുന്‍പ് ആ പേര് കേട്ടിരുന്നില്ലെന്നും, അങ്ങനെയൊരു വ്യക്തിയെ അറിയില്ലെന്നും മമത പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും തന്നെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ്് പറഞ്ഞു. എല്ലാ കക്ഷികളിലുമുള്ള ജനപ്രതിനിധികളോടും താന്‍ പിന്തുണ അപേക്ഷിക്കുന്നതായും അവരെ താന്‍ നേരിട്ട് കാണുമെന്നും കോവിന്ദ് അറിയിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് ഇന്ത്യയിലെ എല്ലാ പൗരന്‍മാരുടെയും പിന്തുണയും അനുഗ്രഹവും തനിക്കുണ്ടെന്ന് കോവിന്ദ് പ്രതികരിച്ചു. എന്നാല്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന യോഗം ചേരുമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത് അറിയിച്ചു. ശിവസേനാ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഒന്നുരണ്ടു ദിവസത്തിനകം പാര്‍ട്ടി തീരുമാനം അറിയിക്കും. അതേസമയം, തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. ദലിത് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ടിആര്‍എസ് ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ പറഞ്ഞു. രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു ശേഷം നരേന്ദ്രമോദി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ വിളിച്ച് എന്‍ഡിഎക്ക് പിന്തുണ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it