എന്‍ജിനീയറെ ബലാല്‍സംഗംചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

മുംബൈ: 23കാരിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ ചന്ദ്രബാന്‍ സനാപിന് (29) പ്രത്യേക വനിതാ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം നഗരപ്രാന്തത്തിലെ കുര്‍ളയില്‍ വച്ചാണു സംഭവം നടന്നത്.
സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിയെ മരിക്കുന്നതുവരെ തൂക്കിലേറ്റണമെന്നും വിധിപ്രസ്താവിച്ചുകൊണ്ട് ജഡ്ജി വൃഷാലി ജോഷി പറഞ്ഞു. പ്രതി കുറ്റക്കാരനാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസില്‍ 39 സാക്ഷികളെ വിസ്തരിച്ചു. സനാപിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട പ്രോസിക്യൂഷന്‍ പ്രതിയോട് ദയകാണിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വാദിച്ചു.
കൊല്ലപ്പെട്ട വനിതാ എന്‍ജിനീയര്‍ ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണം സ്വദേശിനിയാണ്. 2014 ജനുവരി അഞ്ചിന് പുലര്‍ച്ചെ കുര്‍ളയ്ക്കടുത്ത് ലോക്മാന്യതിലക് ടെര്‍മിനസില്‍ വണ്ടിയിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. 2014 ജനുവരി 16ന് ബന്ദുവിലെ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍വേസ്റ്റേഷനില്‍ തനിച്ചിരിക്കുകയായിരുന്ന യുവതിയെ അന്ധേരിയില്‍ ഇറക്കിവിടാമെന്നു പറഞ്ഞ് സനാപ് ഇരുചക്രവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊള്ളയടിക്കാനുള്ള ശ്രമം ചെറുത്ത യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മുംബൈയില്‍ പോര്‍ട്ടറായും നാസിക്കില്‍ ഡ്രൈവറായും ജോലിചെയ്തുവരുകയായിരുന്നു ചന്ദ്രഭാന്‍ സനാപ്. റെയില്‍വേസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് സനാപിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it