Kerala

എന്‍ജിനീയറിങ് പ്രവേശനം: ഫീസ് കൂട്ടണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: എന്‍ജിനീയറിങ് റാങ്ക്‌ലിസ്റ്റ് പുറത്തുവരുന്നതിനു പിന്നാലെ ഈ വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച് സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റ് അസോസിയേഷനുമായി കരാറിലേര്‍പ്പെടാന്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍, എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ഇക്കുറി അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയുടെ (നീറ്റ്) റാങ്ക്‌ലിസ്റ്റില്‍ നിന്നു വേണം പ്രവേശനം നടത്താന്‍. അടുത്തമാസം നടക്കുന്ന രണ്ടാംഘട്ട പരീക്ഷകൂടി കഴിഞ്ഞാലേ ഇതിന്റെ ഫലം പുറത്തുവരൂ. അതിനുശേഷം മാത്രമേ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം ആരംഭിക്കാനാവൂ. അതേസമയം, സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും അന്തിമധാരണയിലെത്തിയില്ല. 50 ശതമാനം സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചെങ്കിലും ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. [related]
എന്നാല്‍, നിലവിലെ ഫീസ് കുറയ്ക്കണമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസമന്ത്രി ഉന്നയിച്ചത്. ഒടുവില്‍, കഴിഞ്ഞ തവണത്തെ കരാര്‍ അതേപടി തുടരാമെന്ന പൊതുധാരണയില്‍ ചര്‍ച്ച അവസാനിക്കുകയായിരുന്നു.
ഒഴിവു വരുന്ന സീറ്റില്‍ യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മുന്‍ കരാര്‍പ്രകാരം സര്‍ക്കാരിന് വിട്ടുനല്‍കുന്ന 50 ശതമാനം സീറ്റിന്റെ പകുതിയില്‍ 50,000 രൂപയും ശേഷിക്കുന്നതില്‍ 75,000 രൂപയുമാണു ഫീസ്. മാനേജ്‌മെന്റ് സീറ്റില്‍ 90,000 രൂപയും. മാനേജ്‌മെന്റുകളുടെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായ നിര്‍ദേശം സമര്‍പ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. നാളെ സര്‍ക്കാരുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിടാനാണ് ആലോചിക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ എം മൂസ അറിയിച്ചു. വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പഠനത്തിന് കേരളത്തിന് പുറത്തേക്കു പോവുന്ന സാഹചര്യത്തില്‍ ഫീസ് കൂട്ടിയതുകൊണ്ടു പ്രയോജനമില്ല. അതിനാല്‍, കഴിഞ്ഞ തവണത്തെ ഫീസ് തുടരാനാണ് ആലോചന. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെഡിക്കല്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചപോലും ആരംഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഒരുമാസം മുമ്പേ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള 1,250 സീറ്റുകളില്‍ പ്രവേശന കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റ് സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്.
Next Story

RELATED STORIES

Share it