wayanad local

എന്‍ജിനീയറിങ് കോളജ് സംഘര്‍ഷം;പ്രിന്‍സിപ്പലിനെതിരേ പിടിഎ



കല്‍പ്പറ്റ: തലപ്പുഴ വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ നിരന്തരമായുണ്ടാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും പ്രശ്‌നങ്ങള്‍ക്കു കാരണം പ്രിന്‍സിപ്പല്‍ അടക്കമുള്ളവരാണെന്നും പിടിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോളജില്‍ നടക്കുന്നത് ആസൂത്രിത ആക്രമണങ്ങളാണ്. സംസ്ഥാനത്തെ മറ്റൊരു കോളജിലും നടക്കാത്ത തരത്തിലുുള്ള സംഘര്‍ഷങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ നടപടികളാണ് കോളജിലെ നിരന്തര പ്രശ്‌നങ്ങള്‍ക്ക് കാരണം. കോളജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനപ്രതിനിധികളെയോ പിടിഎ ഭാരവാഹികളെയോ സാമൂഹിക പ്രവര്‍ത്തകരെയോ ഇടപെടാന്‍ അനുവദിക്കുന്നില്ല. കോളജ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനങ്ങളും കോളജിലെ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മറയായാണ് നിരന്തര സംഘര്‍ഷം. പ്രധാന പരീക്ഷകള്‍ നടക്കുന്ന കാലയളവില്‍ പോലും കോളജ് അടച്ചിടാന്‍ അധികൃതര്‍ തയ്യാറായിരിക്കുകയാണ്. ഇതുമൂലം കോളജിന്റെ അഫിലിയേഷന്‍ വരെ റദ്ദാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജീവനക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം അവധിയില്‍ പോവുന്നതും സമയക്രമം പാലിക്കാതെ ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതും ഡ്യൂട്ടി സമയങ്ങളില്‍ മദ്യപിച്ചെത്തുന്നതും ഇവിടെ പതിവാണ്. വിദ്യാര്‍ഥികളെ ഉപയോഗിച്ച് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെയും സംശയിക്കുന്നു. കോളജിലെ സാമ്പത്തിക ഇടപാടുകളിലെ പിടിഎ ഇടപെടല്‍ അധികൃതര്‍ താല്‍പാര്യപ്പെടുന്നില്ല. നിരന്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനോ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനോ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ തയ്യാറാവുന്നില്ല. വിഷയങ്ങള്‍ സങ്കീര്‍ണമാക്കി കോളജ് അടച്ചൂപൂട്ടി ലീവില്‍ പോവാനാണ് അധ്യാപകര്‍ അടക്കമുള്ളവര്‍ താല്‍പര്യപ്പെടുന്നതെന്നു പിടിഎ ഭാരവാഹികള്‍ ആരോപിച്ചു. കോളജിലെ ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, എംഎല്‍എ, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. പ്രസിഡന്റ് കെ എസ് സുനില്‍, രവി ഉള്ളിയേരി, കണ്ണോളി മുഹമ്മദ്, കെ എം ബഷീര്‍, ബി പ്രദീപ് വയനാട് പങ്കെടുത്തു.
Next Story

RELATED STORIES

Share it