എന്‍ജിനീയറിങ് കോളജ് പോളിടെക്‌നിക് ആക്കാന്‍ സര്‍ക്കാര്‍ എന്‍ഒസി നിഷേധിച്ചത് റദ്ദാക്കി

കൊച്ചി: കൊല്ലം ഫാത്തിമ മെമ്മോറിയല്‍ എജ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ എന്‍ജിനീയറിങ് കോളജ് പോളിടെക്‌നിക് ആക്കി മാറ്റാന്‍ സര്‍ക്കാര്‍ എന്‍ഒസി നിഷേധിച്ചത് ഹൈക്കോടതി റദ്ദാക്കി. പോളിടെക്‌നിക്കിന്റെ അപേക്ഷ എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍) പരിഗണിക്കാനും ഹൈക്കോടതി നി ര്‍ദേശിച്ചു. എന്‍ജിനീയറിങ് കോളജിനെ പോളിടെക്‌നിക് ആക്കാന്‍ സര്‍ക്കാര്‍ എന്‍ഒസി നിഷേധിച്ചതിനെതിരേ കോളജ് മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിധി. എന്‍ജിനീയറിങ് കോളജ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്നും വ്യക്തമാക്കിയാണ് അധികൃതര്‍ എന്‍ഒസിക്ക് അപേക്ഷ നല്‍കിയത്. സ്വാശ്രയ മേഖലയില്‍ കൂടുതല്‍ പോളിടെക്‌നിക്കുകള്‍ ആവശ്യമില്ലെന്നും വേണ്ടത്ര പോളിടെക്‌നിക്കുകള്‍ നിലവിലുണ്ടെന്നും പറഞ്ഞാണ് സര്‍ക്കാ ര്‍ എന്‍ഒസി നിഷേധിച്ചത്.
കഴിഞ്ഞ അധ്യയനവര്‍ഷം പോളിടെക്‌നിക്കിന് 822 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഇല്ലാത്ത സ്ഥിതിക്ക് പുതിയ പോളിടെക്‌നിക്ക് തുടങ്ങാന്‍ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്‍ജിനീയറിങ് കോളജ് പൂട്ടുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ എന്‍ഒസിയുടെ ആവശ്യമില്ല. പകരം സര്‍വകലാശാലയുടെ എന്‍ഒസിയാണു വേണ്ടത്. സര്‍വകലാശാല ഇതു നല്‍കണം. തുടര്‍ന്ന് പോളിടെക്‌നിക്കിന് അനുമതി നല്‍കാന്‍ എഐസിടിഇ—ക്ക് തടസ്സമില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

Next Story

RELATED STORIES

Share it