എന്‍ജിനീയറിങിനും നീറ്റ് മാതൃക

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തുന്ന നീറ്റ് മാതൃകയില്‍ എന്‍ജിനീയറിങിനും രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ വന്നേക്കും. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിടിഇ) ആണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ മെയിന്‍) ഏകീകൃത പരീക്ഷയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ രാജ്യത്തെ പ്രമുഖ ഐഐടികളിലും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും മറ്റു കേന്ദ്ര സര്‍ക്കാര്‍ മുതല്‍മുടക്കുള്ള സ്ഥാപനങ്ങളിലും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയാണു പ്രവേശനത്തിനു മാനദണ്ഡം.
എന്‍ജിനീയറിങ് പ്രവേശനത്തിനായി നിലവില്‍ ചില സംസ്ഥാനങ്ങള്‍ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ഉപയോഗിക്കുന്നുണ്ടെന്ന് എഐസിടിഇ ചെയര്‍മാന്‍ അനില്‍ ഡി സഹസ്രബുദ്ധെ പറഞ്ഞു. രാജ്യത്ത് എന്‍ജിനീയറിങ് പ്രവേശനത്തിനു പൂര്‍ണമായും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ഏകീകൃത പ്രവേശന പരീക്ഷയാക്കി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയുള്ളതാണ് ജെഇഇ മെയിന്‍ പരീക്ഷ. പല സംസ്ഥാനങ്ങളും വ്യത്യസ്ത സിലബസുകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പ്രവേശന പരീക്ഷ നടത്തുന്നത്.
എന്നാല്‍, രാജ്യത്തെ എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ക്കായി ഏകീകൃത പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണു കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയത്. പൊതു പ്രവേശന പരീക്ഷ വേണമെന്നു സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രവേശന പരീക്ഷകളും കടുകട്ടിയുള്ള സിലബസും വിദ്യാര്‍ഥികളില്‍ അതിസമ്മര്‍ദ്ദമുണ്ടാക്കുന്നു എന്നതു വസ്തുതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
മെഡിക്കല്‍ അഡ്മിഷന് നടന്നുവരുന്നതു പോലെ എന്‍ജിനീയറിങ് പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ ഒന്നിലധികം പ്രവേശന പരീക്ഷകള്‍ എഴുതേണ്ടിവരുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി വിവിധ കല്‍പിത സര്‍വകലാശാലകളിലേക്കായി നാലിലധികം പ്രവേശന പരീക്ഷകള്‍ എഴുതേണ്ടിവരുന്നുണ്ടെന്ന് അനില്‍ ഡി സഹസ്രബുദ്ധെ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വിദ്യാര്‍ഥികളില്ലാത്തതും അധ്യാപകരില്ലാത്തതുമായ എന്‍ജിനീയറിങ് കോളജുകളില്‍ എഐസിടിഇ സമിതി സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it