എന്‍ജിഒ യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയഗോവിന്ദന്‍ അന്തരിച്ചു

മഞ്ചേരി: എന്‍ജിഒ യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആരോഗ്യവകുപ്പ് സീനിയര്‍ സൂപ്രണ്ടുമായിരുന്ന സി വിജയഗോവിന്ദന്‍ (84) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച രാവിലെ ഐവര്‍മഠത്തില്‍.
ഭാര്യ: പരേതയായ പത്മിനിയമ്മ. മക്കള്‍: മാധുരി (യുഎസ്), മാലിനി (ജിഎല്‍പിഎസ് വായ്പാറപ്പടി), മിനി (അസിസ്റ്റന്റ് സെക്രട്ടറി, സഹകരണ ബാങ്ക് അരീക്കോട്). മരുമക്കള്‍: വിജയകൃഷ്ണന്‍ (യുഎസ്), കെ കെ മുകുന്ദന്‍, കെ മോഹന്‍ദാസ് (കോഡൂര്‍ ബാങ്ക് സെക്രട്ടറി).
എന്‍ജിഒ യൂനിയന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ വിജയഗോവിന്ദന്‍ രണ്ടര പതിറ്റാണ്ടോളം സംഘടന കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം താമരക്കുഴി സ്വദേശിയാണ്. ആദ്യം റവന്യൂ സര്‍വീസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ആരോഗ്യവകുപ്പിലേക്ക് മാറി. സര്‍വീസില്‍നിന്ന് പിരിഞ്ഞതോടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.
1988ല്‍ ഏറനാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി. സിപിഎം മഞ്ചേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിവിധ സര്‍വീസ് സംഘടനകളെ എന്‍ജിഒ യൂനിയന് കീഴില്‍ കൊണ്ടുവരുന്നതിന് ഇദ്ദേഹം മുന്‍കൈയെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് സംസ്ഥാന ആക്റ്റിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ അധ്യാപക-ജീവനക്കാരെ സംഘടിപ്പിച്ചതിന് യുഡിഎഫ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഒന്നരമാസം ജയിലിലും കഴിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it