Flash News

എന്‍ഐഎ ചോദ്യം ചെയ്തുവെന്നത് വ്യാജ വാര്‍ത്ത: എ എസ് സൈനബ

എന്‍ഐഎ ചോദ്യം ചെയ്തുവെന്നത് വ്യാജ വാര്‍ത്ത: എ എസ് സൈനബ
X


തിരുവനന്തപുരം: ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറാ തട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെ എന്‍ ഐ എ ചോദ്യം ചെയ്തുവെന്ന് വ്യാജ വാര്‍ത്തയാണെന്ന് നാഷനല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്‍ഐഎയോ മറ്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സികളോ തന്നെ ബന്ധപ്പെട്ടിട്ടില്ല. എന്‍ഐഎ ചോദ്യം ചെയ്തുവെന്ന് ചില പത്രങ്ങളും ചാനലുകളും പുറത്തുവിട്ട വാര്‍ത്ത മറ്റൊരു നുണയാണെന്നും സൈനബ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സത്യസരണി മതംമാറ്റ കേന്ദ്രമല്ലെന്നും വിദ്യാഭ്യാസ കേന്ദ്രമാണെന്നും അതോടൊപ്പം പൊന്നാനി മൗനത്തും കോഴിക്കോട് തര്‍ബിയത്തും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്നാണ് ഇസ്‌ലാമിലേക്ക് മതംമാറുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നാണ് താന്‍ പറഞ്ഞത്. ഇതിനെ പുതിയ കണ്ടുപിടിത്തമെന്ന മട്ടില്‍ അവതരിപ്പിച്ചത് തികച്ചും ദുരുദ്ദേശത്തോടു കൂടിയാണെന്നും സൈനബ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്‍ഐഎ ചോദ്യം ചെയ്തുവെന്നത് മറ്റൊരു നുണ
ഇന്ത്യ ടുഡേ നടത്തിയ ഒളികാമറാ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്നെ എന്‍.ഐ.എ ചോദ്യം ചെയ്തുവെന്ന് ചില പത്രങ്ങളും ചാനലുകളും പുറത്തുവിട്ട വാര്‍ത്ത മറ്റൊരു നുണയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്‍ഐഎയോ മറ്റ് ഏതെങ്കിലും അന്വേഷണ ഏജന്‍സികളോ എന്നെ ബന്ധപ്പെട്ടിട്ടില്ല. ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ ആഗസ്ത് 31ന് ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ എന്നെ സമീപിച്ചിരുന്നു. ഹാദിയയുടെ മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും മതം മാറി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനുമായി ബന്ധപ്പെടുന്നതെന്നും വ്യക്തമാക്കിയതിനെ തുടര്‍ന്ന് അവര്‍ പോവുകയും ചെയ്തു. ഇക്കാര്യം അന്ന് മാധ്യമങ്ങളില്‍ വന്നതുമാണ്.


എന്നാല്‍, ഇപ്പോള്‍ ഒളികാമറാ വെളിപ്പെടുത്തല്‍ എന്ന ഉണ്ടയില്ലാ വെടിയുടെ പേരില്‍ എന്നെ വീണ്ടും ചോദ്യം ചെയ്തുവെന്ന റിപോര്‍ട്ടുകള്‍ ഇന്ത്യാ ടുഡേയുടെ നുണയെ സാധൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ഹാദിയ കേസില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പങ്കുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സൈനബയെ പ്രതിചേര്‍ക്കാനാണ് ഒരുങ്ങുന്നതെന്ന തമാശ മാതൃഭൂമി റിപോര്‍ട്ടിലുണ്ട്. ഇപ്പോള്‍ ഹാദിയയുടെ കേസ് നടത്തുന്നതും അതിന് വേണ്ടി ജനാധിപത്യ പോരാട്ടം നടത്തുന്നതും പോപുലര്‍ ഫ്രണ്ടാണെന്ന് അവര്‍ തന്നെ പ്രഖ്യാപിച്ചതാണ്. അപ്പോള്‍ പിന്നെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പങ്കുള്ളതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്ന് പറയുന്നത് ശുദ്ധ വിവരക്കേട് മാത്രമാണ്.

സത്യസരണി മതംമാറ്റ കേന്ദ്രമല്ലെന്നും വിദ്യാഭ്യാസ കേന്ദ്രമാണെന്നും അതോടൊപ്പം പൊന്നാനി മൗനത്തും കോഴിക്കോട് തര്‍ബിയത്തും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്നാണ് ഇസ്‌ലാമിലേക്ക് മതംമാറുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനെ പുതിയ കണ്ടുപിടിത്തമെന്ന മട്ടില്‍ അവതരിപ്പിച്ചത് തികച്ചും ദുരുദ്ദേശത്തോടു കൂടിയാണ്. ഇത്തരം നുണപ്രചരണങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരും ബന്ധപ്പെട്ടവരും വിട്ടുനില്‍ക്കണം.
Next Story

RELATED STORIES

Share it