എന്‍ഐഎ അപേക്ഷ തള്ളി ഇന്റര്‍പോള്‍

മുംബൈ: ഇസ്‌ലാമിക പണ്ഡിതന്‍ സാകിര്‍ നായിക്കിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളി. ഇത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും ചില മാധ്യമങ്ങളും അഴിച്ചുവിട്ട കുപ്രചാരണങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. എന്‍ഐഎ അപേക്ഷ നല്‍കിയ സമയത്ത് സാകിര്‍ നായിക്കിനെതിരേ രാജ്യത്തെ ഒരു കോടതിയിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. കൂടാതെ, ഇന്റര്‍പോളിന്റെ എല്ലാ ഓഫിസുകളില്‍ നിന്നും സാകിറിനെക്കുറിച്ചുള്ള രേഖകള്‍ നീക്കംചെയ്യാനും ഉത്തരവുണ്ട്. രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാരോപിച്ച് നിരവധി കള്ളക്കേസുകളാണ് സാകിര്‍ നായിക്കിനെതിരേ ചുമത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വേട്ടയാടലില്‍നിന്നു രക്ഷതേടി ഇപ്പോള്‍ മലേസ്യയില്‍ കഴിയുന്ന സാകിറിനെ ഇന്ത്യയിലെത്തിക്കാനാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടത്. ഇതിനായി മെയ് മാസമാണ് എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചത്. എന്നാല്‍, ഒക്ടോബറിലാണ് എന്‍ഐഎ സാകിര്‍ നായിക്കിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, മലേസ്യയില്‍ കഴിയുന്ന നായിക്കിനെ തിരിച്ചെത്തിക്കുന്നതിന് ഇന്റര്‍പോളിന് പുതിയൊരു അപേക്ഷ തിങ്കളാഴ്ച നല്‍കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ പ്രത്യേക കോടതി മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കും. നിര്‍ബന്ധിത മതംമാറ്റം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങളിലുള്ള പങ്ക് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി, സാകിര്‍ നായിക് സ്ഥാപിച്ച ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രം സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരുന്നു. കള്ളക്കേസുകളില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള നായിക് മലേസ്യയില്‍ പൗരത്വ അപേക്ഷ നല്‍കി അവിടെ പ്രവാസജീവിതം നയിക്കുകയാണ്. ഇന്ത്യ പാസ്‌പോര്‍ട്ട് അസാധുവാക്കിയെങ്കിലും അദ്ദേഹം രാജ്യത്തിന്റെ നിയമങ്ങള്‍ ഒരുതരത്തിലും ലംഘിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മലേസ്യന്‍ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹ്മദ് സാഹിദ് ഹമീദി സ്ഥിരം താമസാനുമതി നിഷേധിക്കില്ലെന്നു  വ്യക്തമാക്കിയിരുന്നു. 2016 നവംബറിലാണ് സാകിറിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും  അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
Next Story

RELATED STORIES

Share it