എന്‍എസ്എസ് സുപ്രിംകോടതിയിലേക്ക്: പുനപ്പരിശോധനാ ഹരജി നല്‍കും

കോട്ടയം: സുപ്രിംകോടതി വിധിക്കെതിരേ എന്‍എസ്എസ് പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്.
സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണെന്ന് എ ന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന് അവരുടെ നയമായി അങ്ങനെ പറയാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള 1200ല്‍പരം ക്ഷേത്രങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോര്‍ഡിനെ പോലെയുള്ള ഒരു സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിയുമെന്നു മനസ്സിലാവുന്നില്ല. വിശ്വാസികള്‍ കാണിക്ക അര്‍പ്പിക്കുന്ന പണംകൊണ്ടാണു ദേവസ്വങ്ങളുടെയും ബോര്‍ഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതില്‍ സര്‍ക്കാരിന്റെ പങ്ക് എന്തുണ്ട് എന്നത് വിശ്വാസികള്‍ക്ക് നന്നായി അറിയാം. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രിംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവും സംസ്ഥാന സര്‍ക്കാരിനുള്ളത് എന്തുകൊണ്ടെന്നു മനസ്സിലാവുന്നില്ല. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഈ പ്രശ്‌നം കുറച്ചു കൂടി അവധാനതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുകയാണു ചെയ്യേണ്ടത്. കേസിന്റെ ആരംഭം മുതല്‍ കക്ഷി ചേര്‍ന്ന് നിലപാടെടുത്തിട്ടുള്ള സംഘടനയാണ് എന്‍എസ്എസ് എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it