എന്‍എസ്എസ്സിന് മതേതര നിലപാട്: പിണറായി

തിരുവനന്തപുരം: എന്‍എസ്എസ്സിനെ സ്വാധീനിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചെന്നും എന്‍എസ്എസ്സിന്റേത് മതേതരനിലപാടാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാജ്‌പേയിയുടെ കാലത്തും എന്‍എസ്എസ്സിനെ വരുതിയിലാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിട്ടുണ്ട്. അന്നും വെള്ളാപ്പള്ളി അതിന്റെ ഭാഗമാവാന്‍ നോക്കി. എന്നാല്‍, എന്‍എസ്എസ്സിന്റെ മതേതര നിലപാടില്‍ ചാഞ്ചാട്ടം കാണുന്നില്ല. എല്‍ഡിഎഫിലേക്കുള്ള വാതിലുകള്‍ ആര്‍ക്കുമുന്നിലും കൊട്ടിയടക്കില്ല. പലപ്പോഴും മുന്നണിയുടെ സമവാക്യങ്ങള്‍ ജനങ്ങള്‍ ഇടപെട്ട് തിരുത്തും. ആ തിരുത്തല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും നേതാക്കന്‍മാര്‍ക്ക് അതിനനുസരിച്ച് നിലപാട് എടുക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു.
ഇപ്പോഴത്തെ നിലയില്‍ മുന്നണിക്ക് വിജയം സുനിശ്ചിതമാണ്. ആര്‍എസ്പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ എല്‍ഡിഎഫിലേക്ക് തിരിച്ചുവരാം. യുഡിഎഫ് വിട്ടുവന്നാല്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുമ്പ് പിണറായി ഇരുപാര്‍ട്ടികളുടേയും എല്‍ഡിഎഫ് പ്രവേശനത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വിഎസ്സുമായി തനിക്ക് ഒരുകാലത്തും വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിട്ടില്ല. അതേസമയം, പാര്‍ട്ടി നിലപാട് സംരക്ഷിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ട്. താനോ വിഎസ്സോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പാവുമ്പോള്‍ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കും. പാര്‍ട്ടി തീരുമാനമനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി തന്നെ നടപ്പാക്കും. പദ്ധതിയെ അല്ല സിപിഎം എതിര്‍ത്തത്, അത് നടപ്പാക്കിയ രീതിയെയാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞം കരാര്‍ റദ്ദാക്കാനാവില്ലെന്നും പിണറായി വ്യക്തമാക്കി.
Next Story

RELATED STORIES

Share it