Pathanamthitta local

എന്‍എച്ച്എമ്മില്‍ ശീതസമരം; എക്‌സിക്യൂട്ടിവ് യോഗം മാറ്റിവയ്ക്കണമെന്ന് അനൗദ്യോഗിക അംഗങ്ങള്‍

പത്തനംതിട്ട: ദേശീയ ആരോഗ്യ ദൗത്യ (എന്‍എച്ച്എം)വുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള ശീതസമരം രൂക്ഷമാവുന്നു. എന്‍എച്ച്എമ്മിന്റെ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കണമെന്ന് അനൗദ്യോഗിക അംഗങ്ങള്‍ ആവശ്യപ്പെട്ടതാണ് പുതിയ വിവാദത്തിന് കളമൊരുക്കിയിരിക്കുന്നത്.
തങ്ങളെ അറിയിക്കാതെ യോഗം വിളിച്ച ഡിഎംഒയുടെ നടപടിക്കെതിരേ അനൗദ്യോഗിക അംഗങ്ങളായ സതീഷ് ചാത്തങ്കേരിയും മാത്യു ചെറിയാനും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അനൗദ്യോഗിക അംഗങ്ങളെ ഒഴിവാക്കി യോഗം വിളിച്ചു ചേര്‍ത്ത ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന യോഗം സബന്ധിച്ചാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എന്‍എച്ച്എമ്മില്‍ ഉണ്ടായിട്ടുള്ള അഴിമതികളില്‍ തുടര്‍നടപടി സ്വീകരിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോസ്ഥര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക അംഗങ്ങളുടെ വാദം.
കാര്യങ്ങള്‍ ഏകപക്ഷീയമായി തീരമാനിക്കാനാണ് തങ്ങളെ ഒഴിവാക്കി യോഗം വിളിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത് സൊസൈറ്റി നിയമാവലിക്ക് വിരുദ്ധമാണ്.
ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍മാര്‍ മാത്രം ചേര്‍ന്ന് യോഗം കൂടുന്നതും ദുരൂഹത ഉണര്‍ത്തുന്നു. ആരോഗ്യദൗത്യത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരിലാണ് തങ്ങളെ ഒഴിവാക്കുന്നതെന്നും സതീഷ് ചാത്തങ്കേരിയും മാത്യു ചെറിയാനും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള ഗവേണിങ് ബോര്‍ഡും ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കൃത്യമായി ചേരാതിരുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ആരോപണങ്ങള്‍ ഉയരുകയും ജില്ലാ പ്രോഗ്രാം മാനേജരെ തല്‍സ്ഥാനത്തുനിന്നു മാറ്റുകയും ഓഫിസ് സെക്രട്ടറിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കൊല്ലം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സൈജു ഹമീദിനാണ് ഇപ്പോള്‍ താല്‍ക്കാലിക ചുമതല.
Next Story

RELATED STORIES

Share it