Kollam Local

എന്റെ കൊല്ലം: ഇ-സമാധാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന് തുടക്കമായി

കൊല്ലം: ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന് കലക്ടറേറ്റില്‍ തുടക്കമായി. എന്റെ കൊല്ലം പദ്ധതി പ്രകാരം നടപ്പാക്കിയ ഇ-സമാധാന്‍ ഓണ്‍ലൈന്‍ സംവിധാനം ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കരികിലെത്തിക്കാനാണ് ഇ-സമാധാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും അനാവശ്യമായ കാലതാമസം ഒഴിവാക്കാനാകും. പരാതികളില്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയവും എടുത്ത നടപടിയും പരാതിയുടെ മറ്റു വിവരങ്ങളും ഉന്നത ഉദേ്യാഗസ്ഥര്‍ക്ക് തത്സമയം ഓണ്‍ലൈനിലൂടെ അറിയാമെന്നതാണ് പദ്ധതിയുടെ പ്രതേ്യകത. ആദ്യഘട്ടത്തില്‍ റവന്യൂ വകുപ്പില്‍ മാത്രമാണിത് നടപ്പാക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ഉടന്‍തന്നെ മറ്റു വകുപ്പുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. എല്ലാ ജീവനക്കാര്‍ക്കും ഇതുപയോഗിക്കാനാവശ്യമായ പരിശീലനം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.

ഇ-ഡിസ്ട്രിക് പദ്ധതിയിലെ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇ-സമാധാന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ്. കലക്ടറേറ്റിലെ എല്ലാ സെക്ഷനുകളിലേക്കും ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കുമുള്ള കംപ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ടി മോഹന്‍ദാസ്, എ ഡി എം മധുഗംഗാധര്‍, ആര്‍ ഡി ഒ വി ആര്‍ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി ചന്ദ്രിക, എസ് ഷാനവാസ്, പി എ രാജേശ്വരി, ജെ ദേവപ്രസാദ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ വി കെ സതീഷ്‌കുമാര്‍, ഫിനാന്‍സ് ഓഫിസര്‍ എം ഗീതാമണിഅമ്മ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം തോമസ്‌കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it