എന്തെല്ലാം നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കണമെന്ന് ഹൈക്കോടതി. മണ്ഡലകാലത്തിനു മുമ്പ് ശബരിമലയില്‍ നടത്തുന്ന മരാമത്ത് പണികള്‍ സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
ശബരിമലയിലെ പ്രളയം സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപോര്‍ട്ടില്‍ തിരക്ക് നിയന്ത്രിക്കുന്നതു സംബന്ധിച്ച് കോര്‍കമ്മിറ്റി രൂപീകരിക്കണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കമ്മിറ്റിയില്‍ ഐജി റാങ്കിലുള്ളതോ എസ്പി റാങ്കിലുള്ളതോ ആയ വനിതാ പോലിസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണമെന്നു കോടതി നിര്‍ദേശിച്ചു.
പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലെ അറ്റകുറ്റ-നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ട് പറയുന്നത്. മകരവിളക്ക് ഉല്‍സവം അടുത്തമാസം 11നാണു തുടങ്ങുക. പ്രളയം ശബരിമലയെ തകര്‍ത്തിരിക്കുകയാണ്. പണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ അത് ഉല്‍സവത്തെ പ്രതികൂലമായി ബാധിക്കും.
മാളികപ്പുറം ക്ഷേത്രവുമായി ബന്ധപ്പെട്ട പണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യത്തിനുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും മന്ദഗതിയിലാണു നടക്കുന്നത്. അപ്പം, അരവണ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണം.
പമ്പയിലെ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് പൂര്‍ണമായും തകര്‍ന്നു. ഈ പണികളെല്ലാം സീസണ് മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് റിപോര്‍ട്ട് ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it