എന്തുകൊണ്ട് ഇടതുപക്ഷ വിജയം?

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവീടി

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പും അതിന്റെ ഫലവും വന്നുകഴിഞ്ഞു. പുതിയ ഭരണാധികാരികളും അധികാരത്തിലേറി. തിരഞ്ഞെടുപ്പിനെക്കുറിച്ച് വിവിധതരത്തിലുള്ള വിലയിരുത്തലുകളും വന്നുകഴിഞ്ഞു. ഇടതുപക്ഷത്തിന് അനുകൂലവും ഭരണകക്ഷിയായ വലതുപക്ഷത്തിന് തിരിച്ചടിയും ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തിലുള്ള മുന്നേറ്റവും ഉണ്ടായി എന്നാണ് പൊതുവായ വിലയിരുത്തല്‍. പ്രത്യക്ഷത്തില്‍ ഓരോരുത്തര്‍ക്കും ലഭിച്ച സീറ്റുകളുടെ എണ്ണത്തെ മാനദണ്ഡമാക്കിയുള്ള പതിവു വിലയിരുത്തല്‍ രീതിയാണത്. എന്നാല്‍, അതിനപ്പുറം സൂക്ഷ്മതലത്തില്‍ ദേശീയരാഷ്ട്രീയത്തോടും കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തോടും ഈ തിരഞ്ഞെടുപ്പ് എങ്ങനെ സംവദിച്ചു എന്നത് കാര്യമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതു തന്നെയാണ്.
സീറ്റുകളുടെ മാനദണ്ഡം അടിസ്ഥാനമാക്കിയാല്‍ ഇടതുപക്ഷം തന്നെയാണ് വ്യക്തമായ മേല്‍ക്കൈ നേടിയതെന്നു കാണാം. ബിജെപി അവരുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടവും കരസ്ഥമാക്കി. ഈ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയത് കേരളം ഭരിക്കുന്ന യുഡിഎഫ് ആണെന്നതില്‍ തര്‍ക്കത്തിനിടമില്ല.
അരുവിക്കരയില്‍ കാര്‍ത്തികേയന്റെ മരണത്തോടനുബന്ധിച്ചു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്റെ മകന്‍ ജയിച്ചുകയറിയതിനെ യുഡിഎഫിന്റെ ഏതോ അട്ടിമറിവിജയമായി പെരുപ്പിച്ചുകാണിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും അഴിച്ചുവിട്ട പ്രചാരണം വസ്തുതാപരമായി അബദ്ധജടിലമായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് മൂന്നാംസ്ഥാനം മാത്രം നേടിയതോടെ ഭരണത്തിനെതിരേയുള്ള ജനവികാരം ഭരണസിരാകേന്ദ്രത്തില്‍ തന്നെ അലയടിക്കുന്നതായിട്ടാണ് അനുഭവപ്പെട്ടത്. വലതുപക്ഷം തകര്‍ച്ചയെ നേരിട്ട എല്ലാ സ്ഥലത്തും ഇടതുപക്ഷത്തോടൊപ്പം ബിജെപിയും നേട്ടം കൊയ്തതോടെ കോണ്‍ഗ്രസ്സില്‍നിന്ന് ബിജെപിയിലേക്കുള്ള അടിയൊഴുക്കിന്റെ പ്രഭവകേന്ദ്രവും കണ്ടെത്തി എന്നത് പ്രധാന സവിശേഷതയായി കരുതണം.
ഏതാണ്ട് ഇതേ സമയത്ത് ബിഹാറിലും ഒരു തിരഞ്ഞെടുപ്പ് നടന്നു. കേരളത്തില്‍ ബിജെപിക്ക് ഇതുവരെ കിട്ടാത്ത സ്വീകാര്യത കിട്ടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ നിരക്ഷരര്‍ എന്നു പറഞ്ഞ് താഴ്ത്തിക്കെട്ടാറുള്ള ബിഹാറികള്‍ ഫാഷിസ്റ്റ് മുന്നേറ്റത്തെ ചെറുക്കുന്നതില്‍ വിജയിച്ചു. കേരളത്തിലാണെങ്കില്‍ ബിജെപിയെ പിണക്കാതെ എങ്ങനെ സിപിഎമ്മിനെ തകര്‍ക്കാം എന്ന പരീക്ഷണത്തിനാണ് യുഡിഎഫ് മുതിര്‍ന്നത്. അതിനു നേതൃത്വം കൊടുത്തത് ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. മലപ്പുറത്തെ ചില പഞ്ചായത്തുകള്‍ മാറ്റിനിര്‍ത്തിയാല്‍ മുസ്‌ലിംലീഗ് പോലും ഇത്തരം ഒരു ലൈനിലാണ് സഞ്ചരിച്ചത്. അതേസമയം എല്‍ഡിഎഫ്, പ്രത്യേകിച്ച് സിപിഎം ബിജെപിക്കെതിരേയും നാട്ടില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേയും ശക്തമായി പ്രതികരിക്കുന്നതില്‍ ബഹുദൂരം മുന്നോട്ടുപോവുകയും ചെയ്തു.
ഇന്ത്യയില്‍ ഉരുണ്ടുകൂടുന്ന പശുരാഷ്ട്രീയവും വ്യാപകമായതോതില്‍ നടക്കുന്ന വര്‍ഗീയവല്‍ക്കരണവും തിരഞ്ഞെടുപ്പു വിഷയമാക്കുന്നതില്‍ വലിയ അനാസ്ഥ തന്നെയാണ് യുഡിഎഫില്‍നിന്നും ഉണ്ടായത്. ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ ബീഫ്‌മേളകള്‍ നടത്തിയും ഇന്ത്യയിലാകമാനം എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും അല്ലാത്തതരത്തിലും മോദി ഭരണത്തിന്റെ അസഹിഷ്ണുതയ്‌ക്കെതിരേ രംഗത്തുവന്നപ്പോള്‍ അതില്‍ അണിചേരാതിരിക്കാനുള്ള ഒഴികഴിവുകള്‍ തിരയുകയായിരുന്നു കേരളത്തിലെ ഭരണാധികാരികള്‍. എന്തിന് മോദി വച്ചുനീട്ടിയ ഒരു പദവിയില്‍ ചാടിക്കേറിപ്പിടിക്കാന്‍ മുസ്‌ലിംലീഗിന്റെ നേതാവ് ഇ അഹമ്മദ് പോലും ധൃതികൂട്ടുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പ് കാലത്താണ് കാണാനിടയായത്.
സംഗതി പ്രാദേശിക തിരഞ്ഞെടുപ്പല്ലേ, വികസനം, ഭരണത്തുടര്‍ച്ച, മാര്‍ക്‌സിസ്റ്റ് അക്രമം എന്നൊക്കെയുള്ള പതിവു പല്ലവിയില്‍ ജയിച്ചുകയറാമെന്ന ഉമ്മന്‍ചാണ്ടിയുടെ അതിമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി വേണം ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താന്‍. എന്തിന്, കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പിലെല്ലാം യുഡിഎഫിനു വലിയതോതില്‍ സഹായകമായ ടി പി ചന്ദ്രശേഖരന്‍ വധംപോലും അവര്‍ക്ക് എവിടെയും തുണയായില്ല. സത്യത്തില്‍ സിപിഎമ്മിന് അടുത്തകാലത്ത് സംഭവിച്ച ഏറ്റവും വലിയ അബദ്ധം ടി പിയെ കൊന്നതും പിന്നീട് ചില നേതാക്കള്‍ അതിനെ ന്യായീകരിച്ചു സംസാരിക്കാന്‍ മുന്നോട്ടുവന്നതുമായിരുന്നു. എന്നാല്‍, ഏതു സംഭവമുണ്ടായാലും ഇതിനെ വച്ച് പാര്‍ട്ടിയെ വെട്ടിലാക്കാമെന്നുള്ള അജണ്ട ഇനി വിലപ്പോവില്ലെന്നത് തിരിച്ചറിയാനായിരിക്കുന്നു.
അഴിമതിയെ ലളിതവല്‍ക്കരിച്ചുകൊണ്ട് അധികകാലം മുന്നോട്ടുപോവാനാവില്ലെന്ന വ്യക്തമായ സന്ദേശവും ഈ തിരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. സോളാര്‍, ബാര്‍ കോഴ എല്ലാം ലൈവായി കേരളീയര്‍ക്കു മുമ്പില്‍ നിലനിര്‍ത്തിയതില്‍ ചില ചാനലുകള്‍ വഹിച്ച പങ്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. അഴിമതിയുടെ കാര്യത്തില്‍ ഇടതും വലതും കണക്കുതന്നെയെന്ന ഒരു ധാരണയ്ക്ക് അടിപ്പെട്ടവരാണ് മലയാളികള്‍. ഒരു പരിധിവരെ അതില്‍ ശരിയുമുണ്ട്. പക്ഷേ, തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കാഴ്ചപ്പാടും നമുക്കുണ്ട്. സരിതയും മാണിയും ചാണ്ടിയും ബാബുവും ഒക്കെ അഴിമതിക്കഥകളില്‍ നിറഞ്ഞാടിയപ്പോള്‍ വിഎസിനെയും മകനെയും ആപ്പിലാക്കാന്‍ ശ്രമിക്കുന്ന ദുര്‍ബലമായ മറുതന്ത്രം ഒരുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എളമരം കരീമിനെതിരേയും ഇടയ്‌ക്കൊന്നു കണ്ണുരുട്ടും. പിന്നെ അതേറ്റെടുത്ത് മുന്നോട്ടുപോവാന്‍ അവരെ തന്നെ കാണാറുമില്ല.
ഇങ്ങനെയുള്ള അനേകം ദൗര്‍ബല്യങ്ങളാല്‍ അടിപതറിക്കൊണ്ടിരിക്കുന്ന യുഡിഎഫ് സംവിധാനവും അത് മുതലെടുത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയും കേരള രാഷ്ട്രീയത്തെ ഗുണപരമായിട്ടല്ല സ്വാധീനിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ വര്‍ഗീയതയെ ചെറുക്കാനും ദേശീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഏറക്കുറേ ശരിയുടെ പാതയില്‍ ചലിക്കാനും ഇടതുപക്ഷത്തിനാവുന്നുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഭീതിയുടെ നാളുകളില്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ തങ്ങളുണ്ടാവും എന്ന ഒരു സന്ദേശം നല്‍കാനെങ്കിലും ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗ് ഒഴിച്ചുള്ള പല മുസ്‌ലിം സംഘടനകളും കേരളാ കോണ്‍ഗ്രസ്സിനപ്പുറം പല ക്രിസ്തീയസഭകളും ഇതു തിരിച്ചറിഞ്ഞുതുടങ്ങി എന്ന സൂചനയും തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്നു വായിച്ചെടുക്കാനാവും. പക്ഷേ, താല്‍ക്കാലിക ലാഭത്തിനപ്പുറം ഇടതുപക്ഷം ഈ പാതയില്‍ ഉറച്ചുനില്‍ക്കുമോ എന്നതാണു പ്രശ്‌നം. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള ചില സംഘടനകള്‍ക്ക് ചിലയിടത്തെങ്കിലും സാന്നിധ്യമറിയിക്കാനായത്, മുസ്‌ലിംലീഗിന്റെ കോണ്‍ഗ്രസ്സിന്റെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ബിജെപിയോടുള്ള മൃദുല സമീപനത്തിനുള്ള തിരിച്ചടിയായി വേണം കരുതാന്‍.
പ്രാദേശിക വികാരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പായിട്ടും രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ചര്‍ച്ചകളും അതനുസരിച്ചുള്ള വിധിയെഴുത്തും ഉണ്ടായി എന്നതു തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം എന്നു പറയണം.
Next Story

RELATED STORIES

Share it