എന്തും പറയാമെന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം അധപ്പതിച്ചു: കെ ബാബു

കൊച്ചി: അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം അധപ്പതിച്ചുവെന്ന് മന്ത്രി കെ ബാബു. ആര്‍എസ്പി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയിരുന്നവരായിരുന്നു കേരളത്തിലെ മുന്‍കാല നേതാക്കള്‍. എന്നാല്‍, ഇന്നത് കൈമോശം വന്നിരിക്കുന്നു. എതിരാളികള്‍ക്കെതിരേ ഏത് നിലയിലേക്കും പോകാമെന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഈ സാഹചര്യത്തില്‍ ബേബി ജോണിനെപ്പോലെയുള്ള നേതാക്കളെ ഓര്‍ക്കുന്നത് നല്ലതാണ്. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധവും കുടുംബബന്ധവും സൂക്ഷിച്ചിരുന്ന രാഷ്ട്രീയ തലമുറയിലെ അംഗമായിരുന്നു ബേബി ജോണ്‍. തൊഴിലാളി പ്രശ്‌നങ്ങളിലും ഭരണ രംഗത്തും ഒരുപോലെ പ്രാഗല്ഭ്യം പ്രകടിപ്പിക്കാന്‍ ബേബി ജോണിന് സാധിച്ചു.
ഒട്ടുമിക്ക വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം അതിലെല്ലാം മികവ് പ്രകടിപ്പിച്ചിരുന്നതായും മന്ത്രി കെ ബാബു പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു ബേബി ജോണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വയലാര്‍ രവി എംപി പറഞ്ഞു. തൊഴിലാളി വര്‍ഗത്തിന് വേണ്ടി ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവച്ച നേതാവായിരുന്നു ബേബി ജോണെന്നും അദ്ദേഹം അനുസ്മരിച്ചു.
മുന്നണികളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ ബേബിജോണ്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രാഷ്ട്രീയത്തിലെ ചാണക്യനും തലയെടുപ്പും ജനസ്വാധീനവുമുള്ള നേതാവുമായിരുന്നു അദ്ദേഹം. വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടിയിലായിരുന്നെങ്കിലും ബേബിജോണിന്റെ മാനുഷിക സമീപനം മറക്കാനാവാത്തതാണെന്നും വയലാര്‍ രവി പറഞ്ഞു.
ചവറയിലെ തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുന്നിട്ടിറങ്ങിയ നേതാവിനെയാണ് ബേബി ജോണിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആദ്യമെത്തുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ് പറഞ്ഞു.
വിദ്യാര്‍ഥിയായിരിക്കെ സര്‍ സിപിക്കെതിരായ പ്രതിഷേധത്തിന്റെ നേതൃനിരയിലും ബേബി ജോണുണ്ടായിരുന്നു. കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍പ്പോലും ഇടപെടാന്‍ ബേബി ജോണിനോളം കൂര്‍മബുദ്ധിയുള്ള നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും എം എം ലോറന്‍സ് പറഞ്ഞു.
ആര്‍എസ്പി ജില്ല സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ അരവിന്ദാക്ഷന്‍, കെ എസ് വേണുഗോപാല്‍, കെ എസ് സനല്‍കുമാര്‍, കെ രജികുമാര്‍, കെ ടി വിമലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it