Editorial

എന്തിനാണ് മോദി പരിഭ്രമിക്കുന്നത്?

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പരിഭ്രാന്തിയിലാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി ആരോപണമുന്നയിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും അടക്കമുള്ള സമുന്നത ദേശീയനേതാക്കള്‍ പാക്കിസ്താനികളുമായി രഹസ്യയോഗം ചേര്‍ന്നുവെന്നാണ് നരേന്ദ്രമോദി തട്ടിവിട്ടിരിക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയായി വാഴിക്കാനുള്ള പാക് നീക്കങ്ങളുണ്ടെന്നും മോദി പറയുന്നു.ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ ഒരു പ്രധാനമന്ത്രിയും ഇത്രയും ഹീനമായ മട്ടില്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയതയും തിരഞ്ഞെടുപ്പു നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. ഗുജറാത്തില്‍ 22 വര്‍ഷമായി ഭരിക്കുന്ന ബിജെപി, തങ്ങളുടെ വികസനനേട്ടങ്ങള്‍ സംബന്ധിച്ച വായ്ത്താരി ജനം പുച്ഛിച്ചുതള്ളുകയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് വര്‍ഗീയത അവസാനത്തെ തുറുപ്പുചീട്ടായി രംഗത്തിറക്കിയിരിക്കുന്നത്. അഹ്മദ് പട്ടേല്‍ കോണ്‍ഗ്രസ്സിലെ ഏറ്റവും സീനിയര്‍ നേതാവാണ്. മുഖ്യമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യന്‍. പക്ഷേ, പട്ടേല്‍ തന്റെ കര്‍മരംഗമായി തിരഞ്ഞെടുത്തത് ദേശീയ രാഷ്ട്രീയമാണ്. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തടയാന്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ബിജെപി സര്‍വ അടവുകളും പയറ്റി പരാജയപ്പെട്ടത്. പട്ടേലിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞ സംഘപരിവാരം അദ്ദേഹത്തിനെതിരേ ഏറ്റവും ഹീനമായ വര്‍ഗീയ, വിഭാഗീയ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അടക്കമുള്ള സമുന്നത നേതാക്കള്‍ക്കു നേരെയും ചളി വാരിയെറിയാന്‍ നരേന്ദ്രമോദി മടിക്കുന്നില്ല. ഇന്ത്യയുടെ ദേശീയജീവിതത്തില്‍ പല പദവികളില്‍ നിരവധി പതിറ്റാണ്ടുകള്‍ സേവനമനുഷ്ഠിച്ച അസാധാരണ പ്രതിഭയാണ് ഡോ. മന്‍മോഹന്‍സിങ്. വ്യക്തിജീവിതത്തില്‍ ഋഷിതുല്യമായ വൈശിഷ്ട്യവും അസാധാരണമായ നീതിബോധവും പ്രകടിപ്പിക്കുന്നയാളാണ് അദ്ദേഹം. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും അപ്രകാരം തന്നെ. അത്തരത്തിലുള്ള ദേശീയനേതാക്കള്‍ക്ക് എതിരായിപ്പോലും ഹീനമായ നുണപ്രചാരണത്തിനു തയ്യാറാവാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത് എന്താണ്? അതിന്റെ ഉത്തരം ലളിതമാണ്. ഗുജറാത്തില്‍ തങ്ങള്‍ ഒരു പടുകുഴിയിലേക്കു പതിക്കുകയാണെന്ന് മോദിയും സംഘവും തിരിച്ചറിയുന്നു. ബിജെപിയെ ജനം കൈയൊഴിയുകയാണ് എന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജനങ്ങളുടെ അസംതൃപ്തി എല്ലാ സീമകളും ലംഘിച്ചു പുറത്തേക്ക് പ്രവഹിക്കുകയാണ്. ദീര്‍ഘകാലം ബിജെപിയെ പിന്തുണച്ച വ്യാപാര-വാണിജ്യ വിഭാഗങ്ങളും സമുദായങ്ങളും അവര്‍ക്കെതിരായി തിരിയുകയാണ്. ഈ അവസ്ഥയില്‍ വര്‍ഗീയതയാണ് പിടിച്ചുനില്‍ക്കാന്‍ ഒരേയൊരു പോംവഴിയെന്ന് പാര്‍ട്ടി തിരിച്ചറിയുന്നു. അതിനെതിരേ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ സമൂഹം തയ്യാറാവണം.
Next Story

RELATED STORIES

Share it