Editorial

എനിക്ക് തോന്നുന്നത് കെ എം സലീം, പത്തനാപുരം മൗലികാവകാശങ്ങളും നീതിപീഠവും

ജനാധിപത്യരാജ്യത്തില്‍ പൗരന് അന്തസ്സും വ്യക്തിത്വവം സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഒഴിവാക്കാന്‍ പാടില്ലാത്ത ചില പ്രാഥമികാവകാശങ്ങള്‍ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങള്‍ എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഇതില്‍പ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ അതിന്റെ മൂന്നാംഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിലൊഴിച്ച് ഈ മൗലികാവകാശങ്ങള്‍ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.
മൗലികാവകാശ ധ്വംസനമുണ്ടായാല്‍ കോടതി മുഖേന അതു സംരക്ഷിച്ചുകിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങള്‍ക്കു വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങള്‍. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കാന്‍ പാടില്ലെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ വിവിധങ്ങളായ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം അവരുടെ ജനനം മുതല്‍ മരണം വരെയുള്ള കര്‍മങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും മതവിശ്വാസങ്ങള്‍ക്കും മതനിയമങ്ങള്‍ക്കും കീഴ്‌പ്പെട്ട് ജീവിക്കാനുള്ള അനുവാദവും അവകാശവുമാണ് രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളത്. എന്നാല്‍, മതനിയമങ്ങള്‍ക്ക് എതിരല്ലാത്തതും എന്നാല്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് എതിരാവുന്നതുമായ ചില  കാര്യങ്ങളില്‍ രാജ്യത്തിന്റെ നിയമം അനുസരിക്കുന്നവര്‍ തന്നെയാണ് മതവിശ്വാസികള്‍.
അത്തരം കാര്യങ്ങളിലൊന്നാണ് വിവാഹം. മതനിയമപ്രകാരം വിവാഹത്തിന് കുറഞ്ഞ പ്രായപരിധികളൊന്നും തന്നെ നിശ്ചയിച്ചിട്ടില്ല. അതോടൊപ്പം വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള വിവാഹവും അന്യ സ്ത്രീ-പുരുഷന്‍മാര്‍ തമ്മില്‍ ശാരീരികബന്ധങ്ങളില്‍ എര്‍പ്പെടുന്നതും മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്. എന്നാല്‍, രാജ്യത്തെ നിയമപ്രകാരം പുരുഷന്‍ 22 വയസ്സ് പൂര്‍ത്തിയാവുന്നതിനു മുമ്പായും സ്ത്രീകള്‍ 18 വയസ്സ് പൂര്‍ത്തിയാവുന്നതിനു മുമ്പായും വിവാഹിതരാവുന്നത് കുറ്റകരമായിട്ടാണ് കണക്കാക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍പ്രകാരം ഏതൊരു പൗരനും ആഗ്രഹിക്കുന്ന മതങ്ങളെ തിരഞ്ഞെടുക്കുന്നതിനും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുന്നതിനും സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് അക്രമങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും വിധേയരായ അനേകം ഹിന്ദുമതവിശ്വാസികള്‍ തങ്ങളുടെ മതം ഉപേക്ഷിച്ച് ബുദ്ധമതത്തെയും ഇസ്‌ലാംമതത്തെയും ക്രിസ്തുമതത്തെയും സ്വീകരിക്കാന്‍ തയ്യാറാവുന്നത്. വ്യത്യസ്ത മതവിശ്വാസികള്‍ തമ്മില്‍ അവരുടെ മതങ്ങളില്‍ തുടര്‍ന്നുകൊണ്ടുതന്നെ പരസ്പര ധാരണയോടെയും സമ്മതപ്രകാരവും വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു എന്നതുപോലെ തന്നെ വിവാഹബന്ധത്തിനുശേഷം വധുവിന്റെയോ വരന്റെയോ മതത്തെ അംഗീകരിച്ചുകൊണ്ട് ജീവിക്കാന്‍ തയ്യാറായിട്ടുള്ളതും കാണാവുന്നതാണ്. ഭരണഘടന പൗരന് നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളെ സമൂഹമോ ഭരണകൂടങ്ങളോ കവര്‍ന്നെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പൗരന് അനുകൂലമായ നടപടികളെടുക്കാനുള്ള ബാധ്യത നീതിപീഠങ്ങള്‍ക്കാണെന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it