Flash News

എനിക്കെങ്ങനെയാണ് ഉറങ്ങാനാവുക?

എനിക്കെങ്ങനെയാണ് ഉറങ്ങാനാവുക?
X
ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 4


കെ എ സലിം

മലമുകളിലെ അദൃശ്യമായ ചിനാര്‍ മരങ്ങള്‍ക്കിടയിലെവിടെയോ അവനുണ്ടായിരിക്കണം. ഒരിക്കല്‍ അവന്‍ ഓടിനടന്നിരുന്ന കുന്നുകളും പുല്‍പ്രദേശങ്ങളും ഒന്നായിത്തീരുന്ന ചരിവുകളില്‍ ആര്‍ക്കും കാണാനാവാതെ അവന്‍ വീണ്ടും വന്നിരിക്കണം. അവന്‍ ഒരിക്കലും എന്നില്‍നിന്നു വിട്ടുനിന്നിട്ടില്ല. ഒരിക്കലെങ്കിലും അവനോട് അവസാനയാത്ര പറയാതെ എനിക്കെങ്ങനെയാണ് എന്നെന്നേക്കുമായി ഉറങ്ങാനാവുക. ടേങ്പുരയിലെ മുഷ്താഖ് അഹ്മദ് ദറിന്റെ വീട്ടില്‍ വിറയ്ക്കുന്ന കൈകള്‍കൊണ്ട് കപ്പിലേക്ക് കഹ്‌വ പകര്‍ന്ന് മാതാവ് 70കാരിയായ ഹസ്‌റ അസീസി ബേഗം ചോദിച്ചു.

[caption id="attachment_427473" align="alignnone" width="560"] ഹസ്‌റ അസീസി ബേഗം, മുഷ്താഖ് അഹ്മദ് ദര്‍[/caption]

കുന്നിന്‍ ചരിവിലെ കുഞ്ഞുവീട്ടില്‍ അപ്പോള്‍ അവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. 21 കൊല്ലം മുമ്പൊരു രാത്രി സൈന്യം പിടിച്ചുകൊണ്ടുപോയതാണ് മുഷ്താഖിനെ. പിന്നെ അവനെ ആരും കണ്ടിട്ടില്ല. എവിടെനിന്നോ ഒഴുകിവരുന്ന കൊഷുര്‍ ഗാനത്തിന്റെ മധുരനാദം കേള്‍ക്കാം. എനിക്ക് അപരിചിതമായ ഗാനമായിരുന്നു അത്.

കുടുംബത്തോടൊപ്പമാണ് പുരുഷന്‍ ഏറ്റവും സുന്ദരനായിരിക്കുന്നത്- ഹസ്‌റ ബേഗം കശ്മീരി പഴഞ്ചൊല്ല് പറഞ്ഞു. എന്നാല്‍ മുഷ്താഖ്, അവനതായില്ല. ചെറുപ്പത്തിലേ അവന്റെ പിതാവു മരിച്ചു. കഠിനമായിരുന്നു പിന്നീടുള്ള എന്റെ ജീവിതം. അതിന് ആശ്വാസമുണ്ടാവുന്നത് അവന്‍ ജോലിക്ക് പോയിത്തുടങ്ങിയപ്പോഴാണ്. കുഞ്ഞുപ്രായത്തിലേ അവന്‍ ജോലിചെയ്തു തുടങ്ങി.

സൈന്യം ഗ്രാമത്തില്‍ യുവാക്കളെ തേടിവരുമ്പോഴും ഒന്നിലും ശ്രദ്ധിക്കാതെ ജോലി ചെയ്തിരുന്ന അവനെ വെറുതെവിടുമെന്നാണു ഞങ്ങള്‍ കരുതിയിരുന്നത്. 1997 ഏപ്രില്‍ 13നു രാത്രി 11 മണിക്ക് സൈന്യം അവനായി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന എന്നെ സൈനികരിലൊരാള്‍ തോക്കുകൊണ്ട് മുഖത്തിടിച്ചു. മുഷ്താഖ് ജോലി കഴിഞ്ഞ് വന്നതേയുണ്ടായിരുന്നുള്ളൂ. മുഷ്താഖിനെ കൂടാതെ അവന്റെ നാലു സഹോദരങ്ങളുമുണ്ടായിരുന്നു വീട്ടില്‍. ഞങ്ങളെയെല്ലാം വലിച്ചിഴച്ച് ഒരു മുറിയില്‍ പൂട്ടിയിട്ടു. അടുത്ത മുറിയില്‍ നിന്ന് മുഷ്താഖിന്റെ നിലവിളി ഉയരുന്നുണ്ടായിരുന്നു. അന്നവര്‍ മുഷ്താഖിനെ വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നെ അവനെ ഞങ്ങള്‍ കണ്ടില്ല. പോലിസ് സ്‌റ്റേഷനിലെത്തിയ ഞങ്ങളെ കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ പോലിസ് തിരിച്ചയച്ചു. സഹായിക്കുമെന്നു കരുതി മറ്റൊരു പോലിസ് സ്‌റ്റേഷനിലെത്തി. അവരും തിരിച്ചയച്ചു.

നിരവധി വര്‍ഷത്തിനു ശേഷം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അവനെ തേടിയുള്ള യാത്രയായിരുന്നു പിന്നീടുള്ള ജീവിതം. ചെറിയ കുട്ടികളായിരുന്നു മുഷ്താഖിന്റെ സഹോദരങ്ങള്‍. മുഷ്താഖിനായി പോരാടാന്‍ ഞാനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. അവരെന്നെ കൊന്നാലും വേണ്ടില്ല, മുഷ്താഖിനെ തേടിപ്പോവാനായിരുന്നു തീരുമാനം.

മുഷ്താഖിന്റെ ചിത്രവുമായി ഞാന്‍ അലഞ്ഞ കാലമായിരുന്നു പിന്നീട്. ആദ്യം സൈനിക ക്യാംപില്‍ ചെന്ന എന്നോട് അവര്‍ പറഞ്ഞു: മുഷ്താഖ് ഞങ്ങള്‍ക്കൊപ്പമുണ്ട്. ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അതു കഴിഞ്ഞ് വിട്ടയക്കാം. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവന്‍ വന്നില്ല. വീണ്ടും ചെന്നപ്പോള്‍ അവരെന്നോടു പറഞ്ഞു, അങ്ങനെയൊരാള്‍ അവിടെയില്ലെന്ന്.

അവന്റെ ചിത്രങ്ങളുമായി സൈനിക ക്യാംപുകളില്‍ ഞാ ന്‍ ചെന്നു. പലരും എന്നെ പുറത്തേക്ക് പിടിച്ചുതള്ളി. ചിലര്‍ വേഗം തിരിച്ചുപോവാന്‍ കല്‍പിച്ചു. ഞാന്‍ പിന്‍മാറിയില്ല. കശ്മീരിലെ ജയിലുകള്‍ ഓരോന്നായി കയറിയിറങ്ങി. ആരോ പറഞ്ഞു, അവനെ ജമ്മുവിലെ ജയിലിലേക്കു കൊണ്ടുപോയെന്ന്. ഞാന്‍ ജമ്മുവിലെത്തി. അവിടെയും അവനില്ലായിരുന്നു. ഡല്‍ഹിയിലായിരിക്കാമെന്നു പറഞ്ഞു. ഡല്‍ഹിയിലെ ജയിലുകളിലുമലഞ്ഞു. അവിടെയൊന്നും അവനുണ്ടായിരുന്നില്ല.

അധികൃതരെ സമീപിച്ചപ്പോള്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. പലയിടത്തു നിന്നും ഞാനതു കേട്ടു. ആരും ശിക്ഷിക്കപ്പെട്ടില്ല. ഞാന്‍ ക്ഷീണിതയാണിപ്പോള്‍. 21 വര്‍ഷമായി. എനിക്ക് വയസ്സായിരിക്കുന്നു. എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു. തിരയാനുള്ളിടത്തെല്ലാം തിരഞ്ഞു. കാണാതാവുമ്പോള്‍ ശ്രീനഗറിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു മുഷ്താഖ്.

1999ല്‍ കുടുംബം ശ്രീനഗര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് 2000 മെയ് 2ന് കോടതി ഉത്തരവിട്ടു. ബെമിന ബോട്ട്മാന്‍ കോളനി ക്യാംപിലെ 20 ഗ്രനേഡിയര്‍ ആര്‍മിയാണ് മുഷ്താഖിനെ പിടിച്ചുകൊണ്ടുപോയതെന്ന് പാരിംപുര പോലിസ് കണ്ടെത്തി. ഒരു സിഖ് ഓഫിസറായിരുന്നു അതിനു നേതൃത്വം കൊടുത്തതെന്നും കണ്ടെത്തി. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

എന്നാല്‍, തങ്ങള്‍ അങ്ങനെയൊരു സെര്‍ച്ച് ഗ്രാമത്തില്‍ നടത്തിയിട്ടുപോലുമില്ലെന്നായിരുന്നു സൈന്യത്തിന്റെ വാദം. കോടതി ഉത്തരവിട്ട് ആറുവര്‍ഷം കൂടി കഴിഞ്ഞാണ് പാരിംപുര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീടത് ബട്മാലു പോലിസ് സ്റ്റേഷനിലേക്കു മാറ്റി. 2012ല്‍ കേസന്വേഷണം പൂര്‍ത്തിയായി. തുടര്‍ന്ന് സൈനികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിക്കായി വിട്ടു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതില്‍ തീരുമാനമുണ്ടായില്ല.

2002 ജൂലൈയില്‍ പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ മുഷ്താഖിനെ സൈന്യം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, കുറ്റം ചെയ്തവരുടെ പേര് റിപോര്‍ട്ടിലുണ്ടായിരുന്നില്ല. സൈനികരില്‍ ആരാണ് മുഷ്താഖിനെ തട്ടിക്കൊണ്ടുപോയതെന്നു വ്യക്തമല്ലെന്നും അതിനാല്‍ 20 ഗ്രനേഡിയറിനാണ് സംഭവത്തിന്റെ ഉത്തരവാദിത്തമെന്നും റിപോര്‍ട്ട് പറഞ്ഞു.

മുഷ്താഖിനെ കാണാതായി ദിവസങ്ങള്‍ക്കുശേഷം നായിബ് സുബൈദാര്‍ നസാഹര്‍ മുഹമ്മദ് എന്ന സൈനികന്‍ വീട്ടില്‍ വന്നു. 20,000 രൂപ തന്നാല്‍ മുഷ്താഖിനെ തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തു. കൊടുക്കാന്‍ പണമുണ്ടായിരുന്നില്ല. എങ്കിലും ആഭരണം വിറ്റും കടം വാങ്ങിയും പണം സംഘടിപ്പിച്ചു. എന്നാല്‍, വൈകാതെ നസാഹര്‍ മുഹമ്മദ് പണം തിരികെ നല്‍കി. അതിനുശേഷം അപരിചിതരായ പലരും വീട്ടില്‍ വന്നു പണം വാങ്ങി. ആദ്യം 40,000 രൂപ, പിന്നീട് പലപ്പോഴായി ഒരുലക്ഷത്തിലധികം. അതും വാങ്ങി പോയ അവരെ പിന്നീട് കണ്ടിട്ടില്ല. മുഷ്താഖ് മാത്രം തിരികെയെത്തിയില്ല.

ഇപ്പോഴും എനിക്ക് അവനെ തിരക്കണമെന്നുണ്ട്. പക്ഷേ വയസ്സായി, വയ്യാതായി. നടക്കാന്‍ വയ്യ. ഞാന്‍ സൈന്യത്തോട് പറഞ്ഞു, നിങ്ങള്‍ അവനെ കൊന്നുകളഞ്ഞെങ്കി ല്‍ അതെന്നോട് പറയൂ. എവിടെയാണ് അവനെ മറവു ചെയ്തത്. ഇനി അവനില്ലെന്ന ബോധ്യത്തോടെയെങ്കിലും എനിക്കു മരിക്കാമല്ലോ. അല്ലെങ്കില്‍ അവനെ എനിക്ക് തിരിച്ചുതരണം. സര്‍ക്കാര്‍ എനിക്ക് പണം നല്‍കാമെന്നു പറഞ്ഞു. എന്നാല്‍, ഞാനത് സ്വീകരിച്ചില്ല.

ദാരിദ്ര്യം വിട്ടൊഴിയാത്ത കുടുംബമായിരുന്നു എന്റേത്. എന്റെ കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. എന്നാല്‍, അവന്റെ ചോരപുരണ്ട കൈകള്‍ തരുന്ന പണം എനിക്കു വേണ്ട. അവന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവനെ എനിക്ക് തിരികെ തരുക. ഈ കൈകള്‍കൊണ്ട് എനിക്ക് അവസാനമായി ഒരിക്കലെങ്കിലും ചേര്‍ത്തുപിടിക്കണം. എന്റെ കുഞ്ഞാണവന്‍. എന്റെ ചോരയും മാംസവും കൈയിലെടുത്ത് അവനായി ദിനരാത്രങ്ങള്‍ ജനാലയ്ക്കരികില്‍ ഞാന്‍ കാത്തുനിന്നിട്ടുണ്ട്- ഹസ്‌റ അസീസി ബേഗം പറഞ്ഞു. ടാങ്മാര്‍ഗിലെ ആ വീട്ടില്‍ നിന്ന് തിരിച്ചുനടക്കുമ്പോഴും പിന്നി ല്‍ നിന്ന് സംഗീതം ഉയരുന്നുണ്ടായിരുന്നു.

നാളെ: പിതാവിനെ തേടി ഒരു മകള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 3
Next Story

RELATED STORIES

Share it