Flash News

എഥനോള്‍ ഇന്ധനം അഥവാ പരിസ്ഥിതിസ്‌നേഹ തട്ടിപ്പ്

പരിസ്ഥിതി സൗഹൃദമെന്ന നിലയിലാണു രാജ്യത്തെ നഗരങ്ങളില്‍ എഥനോള്‍ ഇന്ധനമാക്കുന്ന പദ്ധതി ഗഡ്കരി അവതരിപ്പിക്കുന്നത്. 4,000 കോടി രൂപയുടെ 36 പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ടു ഗഡ്കരി പ്രഖ്യാപിച്ചു. താജ്മഹലിനെ രക്ഷിക്കാനെന്ന മട്ടില്‍ ആഗ്രയില്‍ എഥനോള്‍ ഇന്ധനമാക്കുന്ന പദ്ധതിയും ഇതിലുണ്ട്. ഒറ്റനോട്ടത്തില്‍ ഇതു നിഷ്‌കളങ്കമാണെന്നു തോന്നും. എന്നാ ല്‍ ഇതിലെ കൗശലമറിയണമെങ്കില്‍ പൂര്‍ത്തി ഗ്രൂപ്പ് നടത്തുന്ന വ്യവസായങ്ങളിലേക്കു കണ്ണോടിക്കണം.
പൂര്‍ത്തി പവര്‍ ആന്റ് ഷുഗ ര്‍ ലിമിറ്റഡ്, മഹാത്മ ഷുഗര്‍ ആന്റ് പവര്‍ ലിമിറ്റഡ്, വെയ്ന്‍ഗംഗ ഷുഗര്‍ ആന്റ് പവര്‍, യാഷ് അഗ്രോ എനര്‍ജി ലിമിറ്റഡ് ജിഎംടി, മൈനിങ് ആന്റ്് പവ ര്‍ പ്രൈവറ്റ് ലിമിറ്റഡ്, പൂര്‍ത്തി ആള്‍ട്ടര്‍നെറ്റീവ് ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പൂര്‍ത്തി അഗ്രോടെക് ലിമിറ്റഡ് തുടങ്ങിയവയാണു പൂര്‍ത്തി ഗ്രൂപ്പിന് കീഴിലെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍.
പഞ്ചസാരയാണു പ്രധാന വ്യവസായം. പഞ്ചസാരയില്‍ നിന്നാണ് എഥനോള്‍ നിര്‍മിക്കുന്നത്. എഥനോളുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളെല്ലാം ലഭിച്ചതു പൂര്‍ത്തി ഗ്രൂപ്പിന് തന്നെയായിരുന്നു. ഇനി ലഭിക്കാന്‍ പോവുന്നതും പൂര്‍ത്തി ഗ്രൂപ്പിന് തന്നെയാവും.
പാരമ്പര്യേതര ഊര്‍ജവുമായി ബന്ധപ്പെട്ടു മന്ത്രാലയം പൂര്‍ത്തി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നതായി 2015ലെ സിഎജി റിപോര്‍ട്ട് പറയുന്നുണ്ട്. വിഷയം പ്രതിപക്ഷം അന്നു പാര്‍ലമെ ന്റിലുയര്‍ത്തിയെങ്കിലും കാര്യമായ ചലനമൊന്നുമുണ്ടായില്ല. ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വൈഭവ് ദാംഗെയുടെ കമ്പനിയായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജിയാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിനു വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനുള്ള ഫണ്ടുകള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പൂര്‍ത്തി പോലെ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനിയാണിത്.
കമ്പനിയുടെ രക്ഷാധികാരിയുടെ പേര് പരിശോധിച്ചാല്‍ ബന്ധം പൂര്‍ണമായും ബോധ്യപ്പെടും. ഗഡ്കരി തന്നെയാണു രക്ഷാധികാരി. ഇപ്പോള്‍ വാണിജ്യമന്ത്രിയായ പഴയ റെയില്‍ മന്ത്രി സുരേഷ് പ്രഭുവാണു കമ്പനിയുടെ ഹോണററി ചെയര്‍മാന്‍. എല്ലാം കൂട്ടുകച്ചവടമാണ്.
2017 മെയില്‍ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 240 കോടി അഴിമതി കാട്ടിയ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരേ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേസെടുത്തു. എന്നാല്‍ സര്‍ക്കാര്‍ നടപടി ശരിയായില്ലെന്നും അത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുമെന്നും പദ്ധതികളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഗഡ്കരി ഉത്തരാഖണ്ഡ് സ ര്‍ക്കാരിനു കത്തെഴുതി. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിനു കേസ് കൈമാറിയെങ്കിലും ഇതുവരെ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
മോദിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായ വ്യവസായി അദാനിയാണ്. 2017 ഡിസംബര്‍ വരെയുള്ള കണക്കില്‍ അദാനിയുടെ വരുമാനത്തില്‍ 124.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അതോടൊപ്പം ബിജെപിയുടെ വരുമാനത്തിലുമുണ്ടായി 81.18 ശതമാനത്തിന്റെ വര്‍ധന. 2015-16, 2016- 17 കാലത്തു ബിജെപിയുടെ വരുമാനം 570.86 കോടിയില്‍ നിന്ന് 1034. 27 കോടിയായാണു വര്‍ധിച്ചത്.
2018-19 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ മന്ത്രാലത്തിനുള്ള ബജറ്റ് തുക ആകെ തുകയുടെ 0.19 ശതമാനമാക്കി കുറച്ച മോദി ആര്‍എസ്എസിന് അനുകൂലമായി ചരിത്രം മാറ്റിയെഴുതാന്‍ സാംസ്‌കാരിക മന്ത്രാലയത്തില്‍ 14 അംഗ കമ്മിറ്റിയെ നിയോഗിച്ചു. അവര്‍ക്കായി വലിയൊരു തുക തന്നെ നീക്കിവയ്ക്കുകയും ചെയ്തു. കെ എന്‍ ദീക്ഷിത് ആയിരുന്നു കമ്മിറ്റി ചെയര്‍മാന്‍. രാമായണവും മഹാഭാരതവും മിത്തുകളല്ല, യഥാര്‍ഥ ചരിത്രസംഭവങ്ങളാണെന്ന രീതിയി ല്‍ ചരിത്രത്തില്‍ ഭേദഗതി കൊണ്ടുവരികയെന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തുക ചെലവഴിക്കല്‍ 2015- 16 വര്‍ഷത്തില്‍ 97 ശതമാനമായും കഴിഞ്ഞ വര്‍ഷം 74 ശതമാനമായും കുറഞ്ഞു.
കഴിഞ്ഞ യുപിഎ സര്‍ക്കാ ര്‍ നടപ്പാക്കിക്കൊണ്ടിരുന്ന സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നിര്‍ത്തിവച്ചു. ന്യൂനപക്ഷങ്ങള്‍ക്കായുള്ള പൊതു മേഖലാ കടവിഹിതം 16 ശതമാനമായെങ്കിലും ന്യൂനപക്ഷ ജനസംഖ്യയുടെ 72 ശതമാനം വരുന്ന മുസ്്‌ലിംകള്‍ക്ക് അതിന്റെ 45 ശതമാനം മാത്രമാണു നല്‍കിയത്.
2015ലെ ഒരു ചൂടുകാലത്ത് ബിജെപി നേതാവ് ഷാനവാസ് ഹുസയ്ന്‍ ഗഡ്കരിയെ കാണാനെത്തി. ദുഃഖിതനും രോഷാകുലനുമായിരുന്നു ഹുസയ്ന്‍. എന്തു സര്‍ക്കാരാണു നിങ്ങള്‍ നടത്തുന്നത്. ഷാനവാസ് ഹുസയ്ന്‍ ചോദിച്ചു. മുസ്‌ലിമായിട്ടു പോലും ഞാന്‍ എന്റെ ജീവിതം ബിജെപിക്ക് വേണ്ടി മാറ്റിവച്ചയാളാണ്. കുറേ ആഴ്ചകളായി ഞാന്‍ മോദിയുടെ അപ്പോയിന്‍മെന്റിന് വേണ്ടി ശ്രമിക്കുന്നു. അയാള്‍ കാണാന്‍ കൂട്ടാക്കുന്നില്ല- ഷാനവാസ് ഹുസയ്ന്‍ പറഞ്ഞു. എന്നോട് പറഞ്ഞിട്ടെന്തു കാര്യമെന്നായിരുന്നു ഗഡ്കരിയുടെ മറുചോദ്യം. അയാളെ നിങ്ങള്‍ക്കറിയില്ലേ. അയാള്‍ അയാളുടെ അമ്മയെപ്പോലും രണ്ടു വര്‍ഷത്തിലൊരിക്കലേ കാണാറുള്ളൂ.

(തുടരും)

കാവിപ്പുരയിലെ കള്ളച്ചൂതുകാര്‍ പരമ്പര - 5


തയ്യാറാക്കിയത്: കെ എ സലിം

നാളെ: പുരാണത്തിലെ തലയും ഗോമൂത്രത്തിന്റെ ഗുണവും - 6
Next Story

RELATED STORIES

Share it