എത്ര കേരളാ കോണ്‍ഗ്രസ്സുകള്‍ ?

കോട്ടയം: മധ്യകേരളം തട്ടകമായ കേരളാ കോണ്‍ഗ്രസ് ഒരു പ്രതിഭാസമായി മാറുകയാണ്. 1964ല്‍ രൂപീകരിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് സംഘടനാപരമെന്നതിലുപരി എണ്ണത്തിലാണു വളര്‍ന്നിരിക്കുന്നത്.
ഏറ്റവും അധികം കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനം തിരഞ്ഞെടുപ്പു ഗോഥയിലിറങ്ങുന്നത് ഇത്തവണയാണ്. ഇടതിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി), സ്‌കറിയാ തോമസ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗവുമുണ്ട്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിക്കുന്ന നാല് സീറ്റില്‍ രണ്ടെണ്ണം കോട്ടയത്താണ്. ഇടുക്കി, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഓരോന്നും. സ്‌കറിയാ തോമസ് കടുത്തുരുത്തിയിലും പിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ പത്തനാപുരത്തുമാണ് ജനവിധി തേടുന്നത്.
യുഡിഎഫിനൊപ്പം കേരളാ കോണ്‍ഗ്രസ് (എം), ജേക്കബ് വിഭാഗം എന്നിവയാണ് നിലവിലുള്ളത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ മൂന്നോളം കേരളാ കോണ്‍ഗ്രസുണ്ട്. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നാഷനലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ബിജെപിയില്‍ ഇതിനകം ലയിച്ചു. കൂടാതെ കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗവും ടി എസ് ജോണിന്റെ സെക്കുലറും മുന്നണിയുമായി സഹകരിക്കുമെന്നാണു പറയുന്നത്. ഇതിലൊന്നും പെടാതെ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ വകഭേദമായ പി സി ജോര്‍ജ് തനിയെ പൂഞ്ഞാറില്‍ മല്‍സരത്തിനിറങ്ങിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ്സുകാര്‍ പരസ്പര മല്‍സരംകൊണ്ട് ശ്രദ്ധേയമായ മണ്ഡലങ്ങളും കോട്ടയം ജില്ലയില്‍ മൂന്നെണ്ണമുണ്ട്. ചങ്ങനാശ്ശേരിയില്‍ മാണി വിഭാഗവും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമാണ് ഇരുമുന്നണികളിലായി മാറ്റുരയ്ക്കുന്നത്. കടുത്തുരുത്തിയില്‍ യുഡിഎഫില്‍ നിന്നു മാണി വിഭാഗം നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. മോന്‍സ് ജോസഫ്, ഇടതുപക്ഷത്ത് സ്‌കറിയാ തോമസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി പി സി തോമസ് വിഭാഗത്തിലെ അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടനുമാണ് ഏറ്റുമുട്ടുന്നത്.
പൂഞ്ഞാറിലെ ചിത്രം പൂര്‍ണമായിട്ടില്ലെങ്കിലും ഇടതുമുന്നണി സാരഥിയായി പി സി ജോസഫും സിറ്റിങ് എംഎല്‍എ പി സി ജോര്‍ജ് സ്വന്തം നിലയിലും കേരളാ കോണ്‍ഗ്രസ് സാരഥികളായി മല്‍സരരംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ പ്രഖ്യാപിച്ചതനുസരിച്ച് മൂന്നു മുന്നണികളിലായി കോട്ടയം ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it