എത്യോപ്യയില്‍ പട്ടിണി രൂക്ഷം

അദിസ് അബാബ: ഭക്ഷ്യ ഇറക്കുമതിക്കായി എരിത്രിയന്‍ തുറമുഖങ്ങളെ ആശ്രയിക്കേണ്ടെന്ന ഭരണാധികാരികളുടെ തീരുമാനം എത്യോപ്യയില്‍ പട്ടിണി രൂക്ഷമാവാന്‍ കാരണമാവുന്നു. എത്യോപ്യയില്‍ ദശലക്ഷക്കണക്കിനു പേര്‍ ക്ഷാമക്കെടുതികള്‍ അനുഭവിക്കുമ്പോഴും രാജ്യത്തേക്കുള്ള ദുരിതാശ്വാസ കപ്പലുകള്‍ ജിബൂത്തി തുറമുഖത്തു നങ്കൂരമിടാന്‍ കാത്തു കിടക്കുകയാണ്.
ജിബൂത്തിയെ അപേക്ഷിച്ച് താരതമ്യേന തിരക്കുകുറഞ്ഞ എരിത്രിയയിലെ തുറമുഖങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ദുരിതാശ്വാസ കപ്പലുകളിലെത്തുന്ന ഭക്ഷ്യധാന്യങ്ങളടക്കമുള്ളവ എത്യോപ്യയിലെത്തിക്കാം. എന്നാല്‍, എത്യോപ്യന്‍ സര്‍ക്കാര്‍ എരിത്രിയയിലെ തുറമുഖങ്ങളെ ഉപയോഗിക്കുന്നതിനു തയ്യാറാവുന്നില്ല. എരിത്രിയയുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണ് എത്യോപ്യന്‍ ഭരണാധികാരികള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. അടുത്തിടെയുണ്ടായ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് എത്യോപ്യയിലെ കാര്‍ഷികോല്‍പാദനത്തില്‍ 90 ശതമാനം വരെ കുറവു വന്നതായി ഓക്‌സ്ഫഡ് കമ്മിറ്റി ഫോര്‍ ഫാമൈന്‍ റിലീഫ്(ഓക്‌സ്ഫാം) റിപോര്‍ട്ട് ചെയ്യുന്നു. ദശലക്ഷക്കണക്കിനു പേര്‍ ആശ്രയിക്കേണ്ട കാര്‍ഷിക വിളശേഖരം തീര്‍ന്നത് രാജ്യത്തെ കടുത്ത പട്ടിണിയിലെത്തിച്ചു. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇറക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ ജിബൂത്തി തുറമുഖ അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ പോലും തുറമുഖത്തെ സ്ഥലപരിമിതിയും ഇറക്കുമതിക്ക് പ്രതിസന്ധി സൃഷ്ടിക്കും.
അതേസമയം എരിത്രിയയിലുള്ള, ചെങ്കടല്‍ തീരത്തെ രണ്ടു തുറമുഖങ്ങളും എത്യോപ്യയിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുന്നതിനു വേണ്ട സൗകര്യങ്ങളുള്ളവയാണ്. ഇവ ഉപയോഗിക്കാന്‍ എത്യോപ്യന്‍ അധികൃതര്‍ തീരുമാനിച്ചാല്‍ ഈ പ്രതിസന്ധി പെട്ടെന്നു തന്നെ പരിഹരിക്കാനാവും. ഇതിനായി യുഎസും യൂറോപ്യന്‍ യൂനിയനുമടക്കമുള്ള കക്ഷികള്‍ എത്യോപ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നതും വിമര്‍ശന വിധേയമായിട്ടുണ്ട്.
Next Story

RELATED STORIES

Share it