malappuram local

എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന്; മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ലീഗില്‍ നിന്നു പുറത്താക്കാന്‍ ശുപാര്‍ശ

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെ മുസ്‌ലിംലീഗില്‍ നിന്നു സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ. മുസ്‌ലിംലീഗ് മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് സി കുഞ്ഞാപ്പുട്ടി ഹാജിയെയാണ് ആറു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തണമെന്ന് പഞ്ചായത്ത് കൗണ്‍സില്‍ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടത്. 19ാം വാര്‍ഡിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ഇ അബ്ദുല്‍സലാമിനെതിരേ പ്രവര്‍ത്തിച്ചുവെന്ന വാര്‍ഡുകമ്മിറ്റിയുടെ പരാതിയെത്തുടര്‍ന്നാണ് തീരുമാനിച്ചത്. ഈ വാര്‍ഡില്‍ നിന്നു പ്രചാരണ രംഗത്തു നിന്നു മാറി നില്‍ക്കാന്‍ ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു പകരം കുഞ്ഞാപ്പുട്ടി ഹാജിയുടെ ബന്ധുവായ സി എ റസാഖിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ലീഗ് കമ്മിറ്റി അറിയിച്ചു.
കടുത്ത മല്‍സരം നടന്ന ഈ വാര്‍ഡില്‍ 100 ഓളം വോട്ടുകള്‍ക്ക് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചു. ഈ വാര്‍ഡില്‍ 300ലധികം വോട്ടുകള്‍ക്കാണ് ലീഗ് സ്ഥിരമായി വിജയിക്കാറുള്ളത്. കുഞ്ഞാപ്പുട്ടി ഹാജി മുന്നു തവണയും ഈ വാര്‍ഡില്‍ നിന്നാണ് ജയിച്ചിരുന്നത്. ഇത്തവണ ഈ സീറ്റ് ചോദിച്ചിരുന്നുവെങ്കിലും അയ്യങ്കോട് വാര്‍ഡുകമ്മിറ്റി സമ്മതിച്ചില്ല. 1988 മുതല്‍ സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ കുഞ്ഞാപ്പുട്ടി രണ്ടുതവണ പ്രസിഡന്റും ഒരു തവണ പ്രതിപക്ഷ നേതാവുമായിട്ടുണ്ട്. കഴിഞ്ഞ തവണ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നു ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
110 കൗണ്‍സില്‍ അംഗങ്ങളില്‍ 107 പേരും നടപടിയെ അനുകൂലിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 2000 മുതല്‍ ഭരണം നടത്തുന്ന യുഡിഎഫില്‍ നിന്നു എല്‍ഡിഎഫ് ഇത്തവണ തിരിച്ചു പിടിച്ചിട്ടുണ്ട്. 12 എണ്ണത്തില്‍ ഇടതു മുന്നണിയും 11 സീറ്റില്‍ യുഡിഎഫും വിജയിച്ചു.
Next Story

RELATED STORIES

Share it