Editorial

എതിര്‍ക്കുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയോ?



എന്‍ഡിടിവിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് കോ ചെയര്‍മാനുമായ പ്രണോയ് റോയിയുടെയും ഭാര്യ രാധികയുടെയും വസതിയിലും ഓഫിസിലും സിബിഐ നടത്തിയ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ്. ബിജെപി സര്‍ക്കാരിന്റെ നല്ല പുസ്തകത്തിലല്ല എന്‍ഡിടിവി. ഗുജറാത്തിലെ വംശഹത്യ മുതല്‍ നരേന്ദ്രമോദിയുടെയും ഹിന്ദുത്വ ഫാഷിസത്തിന്റെയും യഥാര്‍ഥ മുഖം തുറന്നുകാട്ടാന്‍ ഈ ചാനല്‍ കാണിച്ച ആര്‍ജവം പ്രശംസനീയമാണ്. എന്‍ഡിടിവിക്കും അതിന്റേതായ താല്‍പര്യങ്ങളും രാഷ്ട്രീയവും ഉണ്ടെന്നത് നേരുതന്നെ. ഇവ നിലനിര്‍ത്തുമ്പോഴും രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് പ്രവണതകളുടെ ഉള്ളുകള്ളികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ മാധ്യമസ്ഥാപനം കിണഞ്ഞുശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ റെയ്ഡിലൂടെ അതിനു പ്രതികാരം ചെയ്യുകയാണ് മോദി സര്‍ക്കാര്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഐസിഐസിഐ ബാങ്കില്‍നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവില്‍ എന്‍ഡിടിവി അഞ്ചു കോടി രൂപയുടെ കുറവുവരുത്തി എന്നും അത് ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് സിബിഐയുടെ ആരോപണം. ഒമ്പതുകൊല്ലം മുമ്പാണ് വായ്പയെടുത്തത്. ബാങ്കും എന്‍ഡിടിവിയും ചേര്‍ന്ന് ആലോചിച്ചാണ് വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുത്തത്. ബാങ്കിന് അക്കാര്യത്തില്‍ പരാതിയുമില്ല. എന്നിട്ടും പ്രണോയ് റോയിയുടെ മാധ്യമസ്ഥാപനവുമായി സുഖത്തിലല്ലാത്ത പഴയൊരു കണ്‍സള്‍ട്ടന്റ് നല്‍കിയ പരാതിയുടെ പേരില്‍ റെയ്ഡും നിയമനടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കയാണ് സിബിഐ. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ബ്രിട്ടനില്‍ രാജോചിതം വിലസുന്നതിനെതിരായി കാര്യമായ നീക്കങ്ങളൊന്നും നടത്താത്ത കേന്ദ്രസര്‍ക്കാരാണ് ഒരു സ്വകാര്യ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരില്‍ കച്ചമുറുക്കിയിറങ്ങിയത് എന്നോര്‍ക്കണം. അതേസമയം, ഗൗതം അദാനിയുടേതും അനില്‍ അംബാനിയുടേതും അടക്കമുള്ള നിരവധി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ആയിരക്കണക്കിന് കോടി രൂപയുടെ തിരിച്ചടവ് വീഴ്ച വരുത്തിയതിന്റെ ആഘാതം സഹിച്ചുകൊണ്ടിരിക്കുകയാണ് പൊതുമേഖലാ ബാങ്കുകള്‍. ഈ മുതലാളിമാര്‍ക്കു വീണ്ടും ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടിരിക്കെയാണ് പണ്ടെന്നോ അടച്ചുതീര്‍ത്ത ഒരു വായ്പയുടെ മേലുള്ള പലിശ കുറഞ്ഞുപോയെന്നു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നത്. എന്തൊരു കാര്യക്ഷമത!എന്‍ഡിടിവിയുടെ നേരെ പണ്ടും കലിതീര്‍ത്തിട്ടുണ്ട് മോദി സര്‍ക്കാര്‍. പത്താന്‍കോട്ട് ഭീകരാക്രമണാനന്തരം തന്ത്രപ്രധാനമായ രാജ്യരഹസ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് പറഞ്ഞ് അവരുടെ ഹിന്ദി ചാനലിന് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു മുമ്പ്. രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് വിലക്കു പിന്‍വലിക്കേണ്ടിവന്നു. ഇപ്പോഴത്തെ റെയ്ഡിനെതിരായും പ്രതിഷേധമുയരണം. ഭരിക്കുന്ന കക്ഷിയുടെ താല്‍പര്യത്തിന് വഴങ്ങി, മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരെയും കുടുക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന സിബിഐ നടപടികളും അവസാനിക്കണം. മാധ്യമങ്ങളെ അടിച്ചമര്‍ത്തുക മാത്രമല്ല, സിബിഐ എന്ന ഏജന്‍സിയുടെ വിശ്വാസ്യത കൂടി തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത് എന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it