എതിര്‍ക്കപ്പെടേണ്ടത് ആര്‍എസ്എസ് വര്‍ഗീയത: പിണറായി

തിരുവനന്തപുരം: ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ചുട്ടുകൊല്ലുന്ന ആര്‍എസ്എസിന്റെ വര്‍ഗീയതയാണ് എതിര്‍ക്കപ്പെടേണ്ടതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയെന്ന ആര്‍എസ്എസ്സിന്റെ സംസ്‌കാരം ഹിറ്റ്‌ലറില്‍നിന്നു ലഭിച്ചതാണ്. ഹിന്ദുമതവുമായോ രാജ്യസംസ്‌കാരവുമായോ ഇതിന് യാതൊരു ബന്ധവുമില്ല. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ന്യൂനപക്ഷങ്ങളായ ജൂതന്‍മാരെ കൂട്ടക്കൊല ചെയ്തത് ഇന്ത്യയില്‍ നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആര്‍എസ്എസ് എത്രമാത്രം ആപല്‍ക്കരമാണെന്നു തെളിയിക്കുന്നതാണ് ഇപ്പോഴുണ്ടായിട്ടുള്ള കൊലപാതകങ്ങള്‍. ഇതിനെതിരേ മതനിരപേക്ഷ ചിന്താഗതിക്കാര്‍ അണിനിരക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച വോട്ടുകാര്യം-2015 സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്നപ്പോഴും ദാദ്രി സംഭവമുണ്ടായപ്പോഴും എഴുത്തുകാര്‍ കൊല്ലപ്പെട്ടപ്പോഴും ഒരു പ്രതിഷേധശബ്ദം പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതായി എവിടെയും കേട്ടില്ല. അത് ആര്‍എസ്എസിനോടുള്ള മൃദുസമീപനം കൊണ്ടാണ്. മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മോദി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്ത ആര്‍എസ്എസ് യോഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞത് തങ്ങളുടെ പ്രമുഖ ശത്രുക്കള്‍ ഇടതുപക്ഷമാണെന്നാണ്.
മുസ്‌ലിംലീഗ് വര്‍ഗീയകക്ഷിയാണോ അല്ലയോ എന്നതല്ല ഇപ്പോഴത്തെ ചര്‍ച്ചവിഷയം. ലീഗ് യുഡിഎഫിന്റെ ശക്തിസ്രോതസ്സാണ്. ലീഗില്ലാത്ത യുഡിഎഫിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സാണു നയിക്കുന്നതെങ്കിലും ലീഗും കേരളാ കോണ്‍ഗ്രസ്സുമാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നത്. യുഡിഎഫിനകത്തുള്ള ലീഗിനെപ്പറ്റി വല്ലാത്ത വ്യാമോഹം എല്‍ഡിഎഫ് വച്ചുപുലര്‍ത്തുന്നില്ല. ലീഗിനെ കൂടെക്കൂട്ടണമെന്ന യാതൊരു അജണ്ടയും കേരളത്തിലില്ല. എന്തുവന്നാലും യുഡിഎഫിന് ഒരു പോറല്‍പോലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കു പിന്നില്‍. കേരളത്തില്‍ യുഡിഎഫിനാണു ജനസ്വാധീനമുള്ളത്. അതിനാല്‍ ഈ തിരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെയാണ് എല്‍ഡിഎഫിന്റെ എതിരാളി. അതേസമയം ബിജെപിയെയും എതിര്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ബിജെപിയുടെ ഒരു ശ്രമവും വിജയിക്കില്ല.
തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നപ്പോള്‍ അതിമോഹം പുലര്‍ത്തിയിരുന്ന യുഡിഎഫും ബിജെപിയും നിരാശരായിരിക്കുകയാണ്. വെള്ളാപ്പള്ളിയെ ഉപയോഗിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി ലക്ഷങ്ങളെ അണിനിരത്തി ശക്തിപ്പെടാമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടല്‍ തെറ്റി. ഇതില്‍നിന്ന് നേട്ടം കൊയ്യാമെന്ന ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിനും മങ്ങലേറ്റു. എസ്എന്‍ഡിപിയെ ഒരാളുടെയോ ഏതാനും സമ്പന്നരുടെയോ പോക്കറ്റിലാക്കാന്‍ പറ്റുന്ന സംഘടനയല്ലെന്ന് വെള്ളാപ്പള്ളിക്കിപ്പോള്‍ ബോധ്യമായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it