എണ്‍പതു പിന്നിട്ട അത്താഴകമ്മിറ്റി ഇന്നും സജീവം

കെ പി റയീസ്

വടകര: റമദാനില്‍ വടകര താഴെ അങ്ങാടിയിലെത്തുന്നവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഭയമില്ല. കാരണം അവിടെ അത്താഴകമ്മിറ്റിയുണ്ട്. മറുദേശികള്‍ക്ക് ഭക്ഷണം വിളമ്പുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആചാരം ഇപ്പോഴും മുറതെറ്റാതെ എല്ലാ റമദാനിലും ആവര്‍ത്തിക്കുന്നു. വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരു കൂട്ടായ്മ പിന്നീട് അത്താഴകമ്മിറ്റിയായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ പുണ്യപ്രവര്‍ത്തനം ഇന്നും സന്തോഷത്തോടെ ചെയ്തുവരുകയാണ് ഇവിടത്തുകാര്‍.
1928ല്‍ താഴെ അങ്ങാടിയിലെ ചില പ്രമുഖര്‍ ചേര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച ജീവകാരുണ്യ സംരഭമാണ് പിന്നീട് അത്താഴകമ്മിറ്റിയായി മാറിയത്. തുടക്കം മുതല്‍ തന്നെ വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അന്നും താഴെഅങ്ങാടിയിലേക്ക് എത്തിച്ചേരുന്ന അഗതികളും ആലംബഹീനരുമായ അനേകര്‍ അത്താഴത്തിനും നോമ്പ് തുറയ്ക്കുമായി എത്തിച്ചേര്‍ന്നപ്പോള്‍ ഈ പ്രവര്‍ത്തനത്തിന് സംഘടിതമായ ശക്തി വേണമെന്ന് ചിന്തിച്ചവര്‍ തന്നെ അത്താഴകമ്മിറ്റി എന്ന പേരും നല്‍കി സജീവമാക്കി. പള്ളിക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു. അന്നൊക്കെ വാടക കെട്ടിടങ്ങളിലും ഓല പ്പന്തല്‍ കെട്ടിയുമായിരുന്നു അത്താഴകമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധം കൊണ്ടുവന്ന കടുത്ത ക്ഷാമകാലത്തും സാന്ത്വനത്തിന്റെ നിറസാന്നിധ്യമായി താഴെഅങ്ങാടിയില്‍ അത്താഴകമ്മിറ്റി നിലകൊണ്ടു.
അരി, ഗോതമ്പ്, മൈദ തുടങ്ങിയ സാധനങ്ങളൊക്കെ കിട്ടാക്കനിയായി നില്‍ക്കുമ്പോള്‍ കണ്‍ട്രോള്‍ റേഷനായി ലഭിക്കുന്ന അരിയും മറ്റു സാധനങ്ങളും തലശ്ശേരി ഡിപ്പോയില്‍ നിന്ന് തലയില്‍ ചുമന്ന് കാല്‍നടയായി വടകരയില്‍ എത്തിച്ചാണ് അശരണര്‍ക്ക് ആശ്വാസം പകര്‍ന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അത്താഴകമ്മിറ്റിയുടെ പ്രവര്‍ത്തനം ജമുഅത്ത് പള്ളിയുടെ കീഴിലായി കൊണ്ടുവരുകയാണ് ചെയ്തത്. ഈ പള്ളിയോട് ചേര്‍ന്ന് കോതിബസാര്‍ എന്ന സ്ഥലത്ത് തന്നെ അത്താഴകമ്മിറ്റിയുടേതെന്ന നിലയില്‍ ഒരു കെട്ടിടവും ഓഫിസും പ്രവര്‍ത്തനസജ്ജമാക്കി. മലപ്പുറം, പാലക്കാട്, കണ്ണൂര്‍ മുതല്‍ തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ വരെ ഇവിടെ വരാറുണ്ടെന്ന് ഇവിടത്തെ പ്രവര്‍ത്തകര്‍ പറയുന്നു. വടകരയിലെ ജില്ലാ ആശുപത്രി, മറ്റു സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് നോമ്പ് തുറയും അത്താഴത്തിനായുള്ള ഭക്ഷണവും ഇവര്‍ ഇപ്പോള്‍ എത്തിച്ചു നല്‍കുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ ആവശ്യക്കാരുടെ കണക്കെടുത്ത് നോമ്പ് തുറയുടെ സമയത്ത് ആവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യാറ്. അതിന് ശേഷമുള്ള അത്താഴത്തിനായുള്ള ഭക്ഷണവും ഇവര്‍ ഇവിടേക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it