എണ്ണ വിലയിടിവും പ്രവാസികളും

എണ്ണ വിലയിടിവും പ്രവാസികളും
X
slug-ck-abdullaഅന്താരാഷ്ട്ര വിപണിയില്‍ 2014 പകുതിയോടെ തുടങ്ങിയ എണ്ണ വിലയിടിവ് ഗള്‍ഫ് നാടുകളുടെ സാമ്പത്തിക ആസൂത്രണത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഉല്‍പാദനത്തില്‍ കുറവു വരുത്തുകയില്ലെന്ന് എണ്ണയുല്‍പാദക രാജ്യങ്ങളുടെ സഖ്യമായ ഒപെക് തീരുമാനിച്ചതോടെ കൂപ്പുകുത്തലിന് ആക്കം കൂടി വില വീപ്പയ്ക്ക് 30 ഡോളറില്‍ താഴെ പോയിരുന്നു. ഒപെക് സ്ഥാപകാംഗമായ വെനിസ്വേലയില്‍ എണ്ണ വിലയിടിവ് സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കുന്ന സാഹചര്യത്തില്‍ ഉല്‍പാദന തോതില്‍ മാറ്റം വരുത്താന്‍ അവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. ഒപെക് അംഗമല്ലാത്ത വന്‍കിട ഉല്‍പാദകരായ റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതിനാല്‍ ഉല്‍പാദനം കുറയ്ക്കുന്നതിനു തയ്യാറാണെന്നു പ്രഖ്യാപിച്ച് ഗുണപരമായ രാഷ്ട്രീയാഭ്യൂഹങ്ങള്‍ പരന്നതോടെ ഈയാഴ്ചയിലെ ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്ന് വീപ്പയ്ക്ക് 35 ഡോളറില്‍ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. 2014 തുടക്കത്തില്‍ വീപ്പയ്ക്ക് 115 ഡോളറിനു മുകളിലുണ്ടായിരുന്ന വിലയുടെ 70 ശതമാനത്തിലധികമാണു നഷ്ടപ്പെട്ടിരിക്കുന്നത്. ഉല്‍പാദനം കുറഞ്ഞില്ലെങ്കില്‍ 20 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്ന ആശങ്ക ശക്തമാണ്.
എണ്ണ, പ്രകൃതിവാതക മേഖലകളില്‍ വിദേശാശ്രയം ഒഴിവാക്കാന്‍ 2005ല്‍ നയം രൂപീകരിച്ച അമേരിക്ക 2007ല്‍ ഷയില്‍ ഓയില്‍(പാറയെണ്ണ) ഉല്‍പാദനം തുടങ്ങി. ബ്ലൂംബെര്‍ഗ് കണക്കുപ്രകാരം 2015 പകുതിയോടെ അവരുടെ ഉല്‍പാദനം പ്രതിദിനം 58 ലക്ഷം വീപ്പയില്‍ എത്തിയിരുന്നു. ഷെയില്‍ ഓയില്‍ ഉല്‍പാദനം വര്‍ധിച്ചതോടെ സമാനമായ ഗുണമേന്മയുള്ള സോഫ്റ്റ് എണ്ണയുടെ ഇറക്കുമതി നിലച്ചു. അമേരിക്കയില്‍ വിപണി നഷ്ടമായ അല്‍ജീരിയ, അംഗോള, നൈജീരിയ തുടങ്ങിയ ഒപെക് അംഗങ്ങള്‍ ഏഷ്യന്‍ മേഖലയില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ തുനിഞ്ഞതോടെയാണ് ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ പാറയെണ്ണയുടെ സമ്മര്‍ദ്ദം അനുഭവപ്പെട്ടത്. വിപണിയില്‍ ലഭ്യത വര്‍ധിച്ചതോടൊപ്പം രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറവും വിപണി നേരിട്ടു. ബാരലിന് 90 ഡോളര്‍ നിലവാരത്തില്‍ എണ്ണവില പിടിച്ചു നിര്‍ത്തുക എന്ന ഒപെക് ലക്ഷ്യം സാധ്യമാവണമെങ്കില്‍ പ്രമുഖ ഉല്‍പാദകര്‍ ഉല്‍പാദനം ഗണ്യമായി കുറയ്ക്കണം. പ്രതിദിനം ഒരു കോടി വീപ്പയ്ക്കു മുകളില്‍ ഉല്‍പാദിപ്പിക്കുന്ന സൗദി അറേബ്യ 2023ഓടെ പ്രതിദിനം വെറും 20 ലക്ഷം വീപ്പയായി ഉല്‍പാദനം കുറയ്‌ക്കേണ്ടിവരുമെന്നാണ് അനുമാനം.
വില പിടിച്ചുനിര്‍ത്താന്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറയ്ക്കുകയാണെങ്കില്‍ കമ്പോളത്തില്‍ അധികമുള്ള സോഫ്റ്റ് എണ്ണയുടെ ഉല്‍പാദകര്‍ കമ്പോളം നിയന്ത്രിക്കും. അത് ഗള്‍ഫ് നാടുകളടക്കമുള്ള ക്രൂഡ് ഓയില്‍ ഉല്‍പാദകര്‍ക്കു ഗുണകരമാവില്ല. അതിനാല്‍, ഉല്‍പാദനച്ചെലവു കുറഞ്ഞ ഒപെക് രാജ്യങ്ങള്‍ (ലഭ്യമായ കണക്കുപ്രകാരം സൗദിയുടെ ഉല്‍പാദനച്ചെലവ് വീപ്പയ്ക്ക് 10 ഡോളറില്‍ താഴെയാണ്) എണ്ണയുല്‍പാദനം കുറയ്ക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോവുന്നു. നിലവില്‍ ഉയര്‍ന്ന കരുതല്‍നാണ്യ ശേഖരമുള്ളതു നിമിത്തം കമ്പോളനിയന്ത്രണം തിരിച്ചുപിടിക്കാന്‍ വേണ്ടി ഇനിയും കുറേ വര്‍ഷങ്ങള്‍ വിലയിടിവുമായി മുന്നോട്ടുപോവാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു സാധിക്കുമെന്നാണു പ്രചാരണം. എണ്ണയുടെ അധികലഭ്യതയിലൂടെ വിലയിടിച്ച് സമാന്തര ഉല്‍പാദകരെ മുട്ടുകുത്തിച്ച് കമ്പോള കുത്തക നിലനിര്‍ത്തലാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദി ഊര്‍ജമന്ത്രി ഡോ. അലി അല്‍ നഈമി തുറന്നുപറഞ്ഞിട്ടുണ്ട്. 'ഉല്‍പാദനക്ഷമത കുറഞ്ഞ രാജ്യം എണ്ണയുല്‍പാദനം കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അത്യധികം ഉല്‍പാദനക്ഷമതയുള്ളവര്‍ ഉല്‍പാദനം കുറയ്ക്കണമെന്നു പറയുന്നത് ഒരു കുടിലതന്ത്രമാണ്. തങ്ങള്‍ ഉല്‍പാദനം കുറച്ചാല്‍ റഷ്യ, ബ്രസീല്‍, പാറയെണ്ണ ഉല്‍പാദിപ്പിക്കുന്ന അമേരിക്ക തുടങ്ങിയവര്‍ കമ്പോളം നിയന്ത്രിക്കും. ഉല്‍പാദനക്ഷമത കൂടിയ രാജ്യങ്ങളാണ് കമ്പോള ഓഹരിയുടെ യഥാര്‍ഥ അര്‍ഹരെന്ന് ലോകത്തോട് പറയുകയാണു ഞങ്ങള്‍. എല്ലാ മൂലധന രാജ്യങ്ങളുടെയും പ്രവര്‍ത്തന തത്വമാണത്' ('മിഡില്‍ ഈസ്റ്റ് ഇക്കണോമിക് സര്‍വേ' ഡിസംബര്‍ 2014).
എണ്ണയുടെ വിലയില്‍ മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ സ്വാധീനം സ്വാഭാവികമാണ്. ഗള്‍ഫ് നാടുകള്‍, ഇറാന്‍, ഇറാഖ് എന്നിവയടങ്ങുന്ന മേഖലയിലാണ് ലോകത്തെ ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ 65 ശതമാനവും ഉള്ളത്. ആണവദൗത്യം വിജയിച്ച് ഇറാനുമേലുണ്ടായിരുന്ന ഉപരോധം നീങ്ങിയതോടെ മരവിക്കപ്പെട്ടിരുന്ന 1500 കോടി ഡോളറാണ് അവര്‍ക്കു തുറന്നുകിട്ടിയിരിക്കുന്നത്. വീപ്പയ്ക്ക് ഏകദേശം 12 ഡോളര്‍ മാത്രം ഉല്‍പാദനച്ചെലവു വരുന്ന ഇറാന്, ആവശ്യമായ നിക്ഷേപമിറക്കാന്‍ സാധിച്ചാല്‍ ക്രമേണ മൂന്നര കോടിയിലധികം വീപ്പ ക്രൂഡ് ഓയില്‍ പ്രതിദിനം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണു കണക്ക്. ഇപ്പോള്‍തന്നെ നാലു കോടി വീപ്പ എണ്ണ കയറ്റുമതിക്കു തയ്യാറായി അവരുടെ റിഫൈനറികളില്‍ കെട്ടിക്കിടക്കുകയാണ്. തൊട്ടടുത്തുള്ള ഇറാഖിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവര്‍ കണ്ട പരിഹാരവും എണ്ണയുല്‍പാദനം വര്‍ധിപ്പിക്കലാണ്. ഭരണസംവിധാനങ്ങള്‍ തകര്‍ന്ന സിറിയയിലെയും ഇറാഖിലെയും എണ്ണപ്പാടങ്ങള്‍ കൈയടക്കി ലിബിയയിലെ എണ്ണശേഖരത്തില്‍ കൈവച്ച സായുധ പോരാട്ട സംഘങ്ങള്‍ രണ്ടുവര്‍ഷം മുമ്പേ കുറഞ്ഞ വിലയ്ക്ക് (വീപ്പയ്ക്ക് 20 ഡോളറില്‍ താഴെ) ക്രൂഡ് ഓയില്‍ വില്‍പന തുടങ്ങിയതും മേഖലയിലെ എണ്ണവിപണിയെ ബാധിച്ചിരിക്കാം.
ഊര്‍ജാവശ്യത്തിന് ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ തീരുമാനിച്ച യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ ബദല്‍ ഊര്‍ജ വികസനം (പ്രത്യേകിച്ച് ഗതാഗത മേഖലയില്‍) ത്വരിതപ്പെടുത്തുന്നത് ഭാവിയില്‍ എണ്ണവില പരിധിവിടുന്നതു തടയുമെന്നു നിരീക്ഷിക്കപ്പെടുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന കൂപ്പുകുത്തലിനു ശേഷം ഉയരുന്ന വില വീപ്പയ്ക്ക് പരമാവധി 75 മുതല്‍ 90 വരെ ഡോളര്‍ നിലവാരത്തില്‍ പിടിച്ചു നിര്‍ത്താനായിരിക്കും ഒപെക് രാജ്യങ്ങള്‍ ശ്രമിക്കുക. അതു ലക്ഷ്യംകാണാന്‍ സമയമെടുത്തേക്കും. ഇതിനിടെ എണ്ണപ്പണ നാടുകളില്‍ ആവശ്യമായിവരുന്ന ആഭ്യന്തര നടപടികളുടെ ഫലങ്ങള്‍ എണ്ണ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ അനുഭവിക്കാതെ തരമില്ല.
ഷെയില്‍ ഒയിലിനൊപ്പം ഷെയില്‍ പ്രകൃതിവാതകവും വന്‍തോതില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയ അമേരിക്ക, പ്രകൃതിവാതക സമ്പുഷ്ടമായ ഗള്‍ഫ് നാടുകളില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതു കുറയ്ക്കുകയും അതിനായി ഉണ്ടാക്കിയിരുന്ന ചില കരാറുകള്‍ റദ്ദാക്കുകയും പ്ലാന്റുകള്‍ അടയ്ക്കുകയും ചെയ്തു. ഈ മാസത്തോടെ (ഫെബ്രുവരി) പ്രകൃതിവാതക കയറ്റുമതി തുടങ്ങാനും അമേരിക്ക പദ്ധതിയിട്ടിരിക്കുന്നു. അതോടെ എണ്ണവിലയുടെ അടിസ്ഥാനത്തില്‍ പ്രകൃതിവാതക വില കണക്കാക്കിയിരുന്ന നിലവിലെ രീതിക്കു പകരം അമേരിക്കന്‍ ആഭ്യന്തര വിപണിക്കനുസരിച്ച് വില നിശ്ചയിക്കപ്പെടുന്നത് ഗള്‍ഫ് നാടുകളുടെ സാമ്പത്തിക നയങ്ങളെ ബാധിക്കുമെന്നും ദ്രവീകൃത പ്രകൃതിവാതക മേഖലയിലെ പദ്ധതികളില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നുമാണ് എന്‍ജിബി എനര്‍ജി കമ്പനിയുടെ നിരീക്ഷണം.
എണ്ണയുടെ വിലനിലവാരത്തില്‍ അടിക്കടിയുണ്ടാവുന്ന ഉയര്‍ച്ചതാഴ്ച്ചകള്‍ നിമിത്തം ഗള്‍ഫ് നാടുകളുടെ സാമ്പത്തിക ആസൂത്രണത്തില്‍ കാര്യമായ പൊളിച്ചെഴുത്തു നടക്കുകയാണ്. സമൃദ്ധിരാജ്യത്തെ പൗരന്മാര്‍ എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലുള്ള ആഡംബരജീവിത സങ്കല്‍പം ഗള്‍ഫ് പൗരന്മാര്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് 2013 അവസാനത്തില്‍ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ മുബാറക് പറഞ്ഞപ്പോള്‍ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്ന് അത്തരമൊരു പ്രസ്താവന മേഖലയിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ നടത്തിയാല്‍ ആരും വിമര്‍ശിക്കുമെന്നു തോന്നുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മിച്ച വാര്‍ഷിക ബജറ്റ് അവതരിപ്പിച്ച രാജ്യങ്ങള്‍ ഈ വര്‍ഷം കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നു. ചില രാജ്യങ്ങള്‍ ഊര്‍ജ മേഖലയിലും മറ്റുമുണ്ടായിരുന്ന സബ്‌സിഡി എടുത്തുകളഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ ഇന്ധനച്ചെലവുകള്‍ വര്‍ധിച്ചു. വിവിധ മേഖലകളില്‍ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ചില രാജ്യങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്നു. ചിലര്‍ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലയിപ്പിച്ച് എണ്ണം കുറയ്ക്കുകയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. 20 ശതമാനം മുതല്‍ 30 ശതമാനം വരെ ചെലവു ചുരുക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ലഭിച്ച പൊതുമേഖല സ്ഥാപനങ്ങള്‍ ബജറ്റുകള്‍ ചുരുക്കുകയും അത്യാവശ്യമല്ലാത്ത ചടങ്ങുകളും പരിപാടികളും ഒഴിവാക്കുകയും ചെയ്യുന്നു.
ധനിക രാജ്യങ്ങളായി എണ്ണപ്പെടുകയും സ്വകാര്യമേഖലയില്‍ പ്രധാനമായും വിദേശ തൊഴിലാളിളെ ആശ്രയിക്കുകയും ചെയ്യുമ്പോഴും സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണെന്ന് യുഎഇയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. നാസിര്‍ ബിന്‍ ഗൈഥ് നിരീക്ഷിക്കുന്നതു ശ്രദ്ധേയമാണ്. മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഭരണാധികാരികള്‍ ബോധവാന്മാരാണ്. ഏതു പരിഷ്‌കരണവും പൗരന്മാരുടെ ജീവിതനിലവാരത്തെ ബാധിക്കരുതെന്നാണ് ഭരണാധികാരികള്‍ സര്‍ക്കാരുകളോടു നിര്‍ദേശിക്കുന്നത്. സ്വന്തം പൗരന്മാരുടെ തൊഴില്‍ പരിരക്ഷ ഉറപ്പു വരുത്തുന്നതിന് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്ന നടപടികള്‍ അവര്‍ കൈക്കൊള്ളുന്നുണ്ട്. ഏതു ജോലിക്കും യോഗ്യരായ സ്വദേശികളില്ലെങ്കില്‍ മാത്രം വിദേശതൊഴിലാളികളെ പരിഗണിച്ചാല്‍ മതിയെന്ന നിയമം കര്‍ക്കശമാക്കുമെന്ന് പൊതുമേഖലയിലെ സ്ഥാപന മേധാവികള്‍ വിദേശ ജീവനക്കാരോട് പറഞ്ഞുതുടങ്ങിയതിനു പിന്നാലെ പിരിച്ചുവിടല്‍ അറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ മേഖലയിലേക്കു മാറ്റിയ പൊതുമേഖലാ കമ്പനികളില്‍ ജോലി ചെയ്യുന്നവരോട് ഇതേവരെ ലഭിച്ചതിന്റെ പകുതി ശമ്പളത്തോടെ കൂടുതല്‍ സമയം ജോലിചെയ്യാന്‍ തയ്യാറാവുകയോ പിരിഞ്ഞുപോവുകയോ ചെയ്യാമെന്ന പ്രയാസകരമായ ഓപ്ഷന്‍ മുന്നില്‍ വച്ചിരിക്കുന്നു. ഊര്‍ജമേഖലയിലെ സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങള്‍ കുറച്ചുകൊണ്ടിരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വ്യാവസായിക, കച്ചവട, സേവന മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും തൊഴില്‍മേഖലയില്‍ സ്വദേശികളുടെ അഭാവത്തില്‍ ഇതര ഗള്‍ഫ് പൗരന്മാരെ പരിഗണിക്കുകയും ചെയ്യാനുള്ള നിര്‍ദേശങ്ങളോട് അനുകൂല സമീപനം ഉണ്ടാവാനുമാണു സാധ്യത. വിദേശ തൊഴിലാളികള്‍ക്ക് കാലപരിധി നിശ്ചയിക്കണമെന്ന നേരത്തെയുള്ള നിര്‍ദേശങ്ങളില്‍ ഗള്‍ഫ് നാടുകള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടേക്കും. ജനസംഖ്യ കുറഞ്ഞ ചില ഗള്‍ഫ് നാടുകളില്‍ സ്വദേശികളുടെ രണ്ടു മടങ്ങോളം വരുന്ന ഇന്ത്യന്‍ പ്രവാസികളില്‍ സ്വാഭാവികമായും ഇതിന്റെ പ്രതിഫലനമുണ്ടാവും. ഗള്‍ഫില്‍ തൊഴിലെടുക്കുന്ന എല്ലാവരും ഉടന്‍ തിരിച്ചു പോവേണ്ടിവരുമെന്നല്ല. ഇപ്പോള്‍ നടക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതു നേര്. അടുത്ത ഒന്നുരണ്ടു വര്‍ഷങ്ങള്‍ ഈയവസ്ഥ തുടരുകയും ചെയ്‌തേക്കാം. എന്നാല്‍, തൊഴില്‍ നഷ്ടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളോ ആശ്രയിക്കാവുന്ന അനുമാനങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ കല്‍പിത കഥകളാണു പ്രചരിക്കുന്നത്.
അന്താരാഷ്ട്ര രംഗത്ത് ഗള്‍ഫ് നാടുകളുടെ യശസ്സിനെ ബാധിക്കുന്ന നടപടിക്രമങ്ങള്‍ തൊഴില്‍മേഖലയില്‍ ഉണ്ടാവില്ല. അത്തരമൊരവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലാണ് കൈക്കൊള്ളുന്നതെന്നു വിശദീകരിക്കപ്പെടുന്നുമുണ്ട്. അതേസമയം, അടുത്തവര്‍ഷം പകുതിയോടെ എണ്ണവില വീണ്ടും വീപ്പയ്ക്ക് 50 മുതല്‍ 60 ഡോളര്‍ നിലവാരത്തിലേക്ക് ഉയരുമെന്ന് കുവൈത്ത് പെട്രോളിയം മന്ത്രാലയം പോലുള്ള സ്ഥാപനങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് സ്വതന്ത്ര വ്യാപാരമേഖല ത്വരിതപ്പെടുത്തുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക തുടങ്ങിയ പരിഷ്‌കരണങ്ങള്‍ തൊഴില്‍ നഷ്ടമാവുന്ന പ്രവാസികളില്‍ ചിലര്‍ക്കെങ്കിലും തുണയാവുന്നുണ്ട്. ഗള്‍ഫ് നാടുകള്‍ ഏറ്റെടുത്ത അന്താരാഷ്ട്ര മേളകളും പരിപാടികളും നടത്തുന്നതില്‍ നിന്നു പിന്‍വാങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന വിശദീകരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളിലും കുറവുണ്ടാവില്ലെന്ന നയപ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍, അവയിലൊക്കെയും ചെലവു ചുരുക്കും. അപ്രതീക്ഷിതമായി പ്രവാസം അവസാനിപ്പിക്കേണ്ടിവരുന്നവരുടെ തോതു വര്‍ധിക്കുകയാണ്. പ്രത്യേകിച്ചും മോശമല്ലാത്ത വരുമാനം ലഭിച്ചിരുന്നവരുടെ പുതിയ അവസരങ്ങള്‍ കുറയുകയും. ഈ യാഥാര്‍ഥ്യങ്ങള്‍ നേരിടാന്‍ പ്രവാസികള്‍ സജ്ജരാവേണ്ടതുണ്ട്.
നിലവിലെ തൊഴില്‍ സാഹചര്യം ജീവിതത്തിന്റെ അറ്റമല്ലെന്ന തിരിച്ചറിവോടെ പുറത്തേക്കു നോക്കാന്‍ പ്രവാസികള്‍ ശീലിക്കേണ്ടതുണ്ട്. ഗള്‍ഫില്‍ തന്നെ ജോലി കിട്ടുന്ന വിധം സ്വന്തം മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന രീതിക്കു മാറ്റംവന്നില്ലെങ്കില്‍ ഭാവി തലമുറയെ ബാധിക്കുമെന്നു പറയേണ്ടതില്ല. നാട്ടില്‍ ധാരാളം അവസരങ്ങളുണ്ടെന്നും ഗള്‍ഫിനപ്പുറം ലോകമുണ്ടെന്നും ഗള്‍ഫ് സ്വപ്‌നവുമായി നടക്കുന്ന യുവതലമുറയ്ക്ക് അവബോധമുണ്ടാവണം. ജീവിതമാര്‍ഗം പെട്ടെന്നു നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്ന പ്രതിസന്ധിയില്‍ നിന്ന് പ്രവാസികളെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
ഗള്‍ഫിലെ തൊഴില്‍ സാഹചര്യത്തെക്കുറിച്ച് വസ്തുതകള്‍ക്കപ്പുറം വൈകാരികവും അവാസ്തവവുമായ കഥകള്‍ മെനയുന്നതിനു പകരം ബദല്‍ അവസരങ്ങളെക്കുറിച്ച് പ്രവാസികള്‍ക്ക് അവബോധം നല്‍കാന്‍ മാധ്യമങ്ങള്‍ക്കു കഴിയേണ്ടതുണ്ട്. ഗള്‍ഫ് പ്രവാസികള്‍ നെഞ്ചിടിപ്പോടെ കഴിയുമ്പോഴും അവരെ പിഴിഞ്ഞുണ്ടാക്കിയ പണം ദുരുപയോഗം ചെയ്ത് നാട്ടില്‍ കുടുംബങ്ങളും കൂട്ടായ്മകളും സ്ഥാപനങ്ങളും സംഘടനകളും പാര്‍ട്ടികളും നടത്തുന്ന അത്യാചാരങ്ങളും ഉല്‍സവങ്ങളും സമ്മേളന മാമാങ്കങ്ങളും രാഷ്ട്രീയ ഉല്ലാസയാത്രകളും പൊടിപൊടിക്കുകയാണ്. മിക്കവാറും വറ്റിയ അകിടുകളുമായി നാടണയാന്‍ പോവുന്ന ആയിരക്കണക്കിന് പഴയ കറവപ്പശുക്കള്‍ക്ക് ആശ്രയിക്കാവുന്ന ആലകള്‍ ആരുടെയും അജണ്ടയിലുണ്ടെന്നു തോന്നുന്നില്ല. $
Next Story

RELATED STORIES

Share it