Flash News

എണ്ണിയാലൊടുങ്ങാത്ത മയക്കുമരുന്നുകള്‍; പരിഷ്‌കാരമില്ലാതെ നിയമങ്ങള്‍-3

ഷിനില  മാത്തോട്ടത്തില്‍

എണ്ണിയാലൊടുങ്ങാത്തത്രയും മയക്കുമരുന്നുകളാണ് നമുക്കു ചുറ്റും രഹസ്യമായി കറങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ ഇനത്തിലുള്ളവ ഇടംപിടിക്കുന്നു. ആദ്യം കഞ്ചാവ്, ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍, ഗുളികകള്‍ തുടങ്ങിയവയായിരുന്നെങ്കില്‍ ഇതിലും ശക്തിയേറിയവയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് എന്‍ഡിപിഎസ് ആക്റ്റ് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാവുന്നത്. നിലവില്‍ നിരവധി പഴുതുകള്‍ നിറഞ്ഞതാണ് ഈ നിയമം. പല രൂപത്തില്‍ കേരളത്തിലേക്കു കടത്തുന്ന മയക്കുമരുന്നുകള്‍ മയക്കുമരുന്നാണെന്നു മനസ്സിലാക്കിയാല്‍പോലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാന്‍ നിവൃത്തിയില്ല എന്ന നിലയാണ്. നിലവിലെ നിയമപ്രകാരം ഒരുകിലോയില്‍ താഴെ കഞ്ചാവ് കൈയില്‍ സൂക്ഷിച്ചാല്‍ പെട്ടെന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ മാത്രമേ ചുമത്താനാവൂ. കഞ്ചാവിന്റെ അളവ് ഒരുകിലോയില്‍ കൂടിയാല്‍ മാത്രമേ വലിയ കുറ്റം ചുമത്താനാവൂ. ഒരുകിലോയില്‍ താഴെ സൂക്ഷിച്ചാല്‍ ലഭിക്കുന്നത് 3,000 രൂപ പിഴ മാത്രം. തവണകളായി ഒരുകിലോയില്‍ താഴെയായി കഞ്ചാവു കടത്തി എളുപ്പത്തില്‍ ആവശ്യക്കാര്‍ക്കെത്തിക്കാമെന്നു സാരം. പിടിക്കപ്പെട്ടാലോ, ഒരുദിവസത്തെ തടവുശിക്ഷപോലും ലഭിക്കില്ല. കുറഞ്ഞ അളവില്‍ ഇവര്‍ക്ക് കഞ്ചാവ് എപ്പോഴും സൂക്ഷിക്കുകയും ചെയ്യാം. പലരൂപത്തിലും ഭാവത്തിലും ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ ഇപ്പോഴും എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം മയക്കുമരുന്നിന്റെ പട്ടികയില്‍ പെടുത്തിയിട്ടില്ല. നിരോധിച്ച പല ഗുളികകളും പേരു മാറ്റി വിപണിയില്‍ എത്തുന്നുണ്ട്. മയക്കുമരുന്നാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും നിരോധിച്ച ഗുളിക കടത്തിയതിനു മാത്രമേ ഇവര്‍ക്കെതിരേ കേസെടുക്കാനാവൂ. കാരണം, ഗുളികരൂപത്തിലുള്ള മയക്കുമരുന്നുകള്‍ പൂര്‍ണമായും ഈ നിയമത്തിന്റെ പരിധിയില്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഈ ലൂപ്‌ഹോളുകള്‍ തന്നെയാണ് മയക്കുമരുന്നു കൈകാര്യം ചെയ്യുന്നവരെ സഹായിക്കുന്നതും. ഗുളികരൂപത്തിലുള്ള മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് പ്രധാനമായും മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കടന്ന് എത്തുന്നത്. എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുക്കാന്‍ സാധിക്കാത്ത ഗുളികകളുടെ രൂപത്തിലാണ് ഇവയെത്തുന്നത്. അതിനു തടയിടാന്‍ നിയമങ്ങളുടെ പിന്‍ബലമാണ് വേണ്ടത്. എക്‌സൈസിന്റെ പരിമിതികളും അവിടെ വിലങ്ങുതടിയാവുന്നു. പിടിക്കപ്പെടുമ്പോഴെല്ലാം അത്തരം കേസുകള്‍ പിഴ അടച്ച് പോവുകയാണു പതിവ്. സ്ത്രീകളടക്കം ഈ ഗുളികകളുടെ ഉപഭോക്താക്കളാണ്. കഞ്ചാവിന്റെ പ്രധാന വഴികര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവെത്തുന്നത്. കര്‍ണാടകയില്‍ നിന്നു പ്രധാനമായും വരുന്നത് വയനാട് അതിര്‍ത്തിയായ പെരിക്കല്ലൂര്‍, കബനി നദിയുടെ അക്കരെയുള്ള പ്രദേശങ്ങളായ എച്ച്ഡി കോട്ട, മച്ചൂര്‍, ബൈരക്കുപ്പ, ബാവലി എന്നിവിടങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉല്‍പാദനത്തിനെതിരേ അധികൃതര്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്നതു വ്യക്തമാണ്. അതിനാല്‍ തന്നെ സുലഭമായി ഇതെല്ലാം ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല. ഈ സ്ഥലങ്ങളില്‍ വീടുകളില്‍പ്പോലും ക്വിന്റല്‍ കണക്കിന് കഞ്ചാവ് സ്‌റ്റോക്ക് ചെയ്യുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മലബാര്‍ ഭാഗത്തുള്ളവരാണ് ഈ പ്രദേശങ്ങളില്‍ നിന്നുള്ള കഞ്ചാവിന്റെ പ്രധാന ഉപഭോക്താക്കള്‍. ബൈരക്കുപ്പയില്‍ ഒരുകിലോ കഞ്ചാവിന് 15,000 രൂപ കൊടുത്താല്‍ മതി. അത് ഇവിടെ കൊണ്ടുവന്ന് നാലോ അഞ്ചോ ഗ്രാമിന് 200, 300 രൂപ തോതിലാണ് വില്‍ക്കുന്നത്. ഉപയോഗിച്ചുശീലിച്ചവര്‍ ഇവിടെ നിന്നു വലിയ വില കൊടുത്തു വാങ്ങുന്നതിനു പകരം നേരിട്ട് ബൈരക്കുപ്പയില്‍ പോയി വാങ്ങുന്നുമുണ്ട്. വാങ്ങാന്‍ പോവുന്നത് ബസ്സിലാണെങ്കിലും ചെക്‌പോസ്റ്റുകളില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടക-കേരള അതിര്‍ത്തിയിലെ കബനി നദി വഴി കൊട്ടത്തോണിയിലാണ് തിരിച്ചുവരുക. ഇതിനായി രാത്രികാലങ്ങളില്‍ കൊട്ടത്തോണികള്‍ സജീവമാവുകയും          ചെയ്യും. കേരളത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ എവിടെയും പരിശോധന നേരിടേണ്ടതില്ല.  ഈ സ്ഥലങ്ങളിലേക്കു നേരിട്ട് ചെല്ലാതെ ആവശ്യം പറഞ്ഞാല്‍ കഞ്ചാവ് മറുകരയിലെത്തിച്ചും നല്‍കും. ഇതില്‍ പ്രധാനികള്‍ അവിടെ താമസിക്കുന്ന മലയാളികള്‍ തന്നെയാണ്. സ്ത്രീകളുടെ അടിവസ്ത്രത്തോടു ചേര്‍ത്ത് കെട്ടിവച്ചും മറ്റും കൊണ്ടുവരുമ്പോള്‍ പലപ്പോഴും പരിശോധന നടത്താന്‍ സാധിക്കാതെ വരാറുണ്ടെന്ന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയിലേക്ക് പാലക്കാട് അതിര്‍ത്തി വഴി കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നു കഞ്ചാവും പുകയിലയും മറ്റും എത്തുന്നുണ്ട്. പശ്ചിമഘട്ട മേഖലകളില്‍ കഞ്ചാവ് വ്യാപകമായി കൃഷിചെയ്യുന്നതായാണു വിവരം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി നല്‍കുന്ന ചടയന്‍ ഇനത്തില്‍പ്പെട്ടവ ഒഡീഷയിലാണ് വിളയുന്നത്. (നാളെ: എക്‌സൈസ് വകുപ്പും പരാധീനതകളും)
Next Story

RELATED STORIES

Share it