kannur local

എണ്ണസംഭരണ പദ്ധതിക്കെതിരേ പ്രക്ഷോഭം ശക്തമാവുന്നു

പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടവും നികത്തി സ്ഥാപിക്കുന്ന കേന്ദ്രീകൃത എണ്ണസംഭരണശാലക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. എണ്ണക്കമ്പനികള്‍ക്ക് 85 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുത്തുകൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 19ന് പുഞ്ചക്കാട് നിന്ന് പയ്യന്നൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ബഹുജനമാര്‍ച്ച് നടത്താന്‍ കണ്ടങ്കാളി-പുഞ്ചക്കാട് വൈഎംആര്‍സി പരിസരത്ത് നടന്ന ജനകീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
കണ്‍വന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി പി പത്മനാഭന്‍ ചെയര്‍മാനും അപ്പുക്കുട്ടന്‍ കാരയില്‍ കണ്‍വീനറുമായി കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമരസമിതിക്ക് രൂപം നല്‍കി. വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ രക്ഷാധികാരികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും നാട്ടുകാരും പരിസ്ഥിതി-പൗരാവകാശപ്രവര്‍ത്തകരും അടങ്ങിയതാണ് വിപുലമായ കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമരസമിതി. കണ്ടങ്കാളിയിലെ കര്‍ഷകത്തൊഴിലാളി വി പി ഷീജ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് എം പവിത്രന്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ബാവ, പയ്യന്നൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് പി പി ദാമോദരന്‍, ടി വി നാരായണന്‍ ശാസ്ത്രസാഹിത്യ പരിഷത്ത്, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ഡി കെ ഗോപിനാഥ്, സി കെ രമേശന്‍, വി കെ പി ഇസ്മായില്‍, കെ ജയരാജ്, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി പി വി പ്രഭാത്, പരിസ്ഥിതി പൗരാവകാശപ്രവര്‍ത്തകരായ സുരേഷ് കീഴാറ്റൂര്‍, ഡോ. ഡി സുരേന്ദ്രനാഥ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, കെ രാമചന്ദ്രന്‍, പി പി കെ പൊതുവാള്‍, അഡ്വ. ടി വി രാജേന്ദ്രന്‍, ഹരി ചക്കരക്കല്‍, അഡ്വ. കസ്തൂരിദേവന്‍, ജമാല്‍ കടന്നപ്പള്ളി സംസാരിച്ചു. വി പി സജിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it