എണ്ണവില 28 ഡോളറില്‍ താഴെ

വാഷിങ്ടണ്‍: ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം നീക്കിയതിനു പിന്നാലെ ആഗോളവിപണിയില്‍ എണ്ണവില ഇടിഞ്ഞു. വീപ്പയ്ക്ക് 27.67 ഡോളറായി വില താഴ്ന്നു. 2003നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. പിന്നീട് വില നേരിയ തോതില്‍ വര്‍ധിച്ച് 28.17 ഡോളറിലെത്തി. അമേരിക്കന്‍ ക്രൂഡിന്റെ വില 28.86 ഡോളറായും കുറഞ്ഞിട്ടുണ്ട്. ഇറാനെതിരായ ഉപരോധം അമേരിക്കയും യൂറോപ്പും യുഎന്നും എടുത്തുകളഞ്ഞതോടെ പ്രതിദിനം 50,000 ബാരല്‍ എണ്ണ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്രയധികം എണ്ണ വില്‍പനയ്‌ക്കെത്തുന്നത് ഇനിയും വിലയിടിവിനു കാരണമാവും. ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇറാന്‍. അതേസമയം, യൂറോപ്പിലും ചൈനയിലുമുണ്ടായ സാമ്പത്തിക മുരടിപ്പ് എണ്ണയുടെ ആവശ്യം കുറച്ചിട്ടുണ്ട്. വില കുറയുമ്പോള്‍ എണ്ണ ഉല്‍പാദനം കുറച്ച് ഒപെക് രാജ്യങ്ങള്‍ വില നിയന്ത്രിക്കുകയാണ് പതിവ്. കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായെന്ന റിപോര്‍ട്ടുകള്‍ക്കിടെ  മുംബൈ ഓഹരിസൂചിക സെന്‍സെക്‌സ് 266 പോയിന്റ് താഴ്ന്ന് 24188ലെത്തി. 20 മാസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഡിസംബറില്‍ ഇന്ത്യയിലെ കയറ്റുമതിയില്‍ 14.75 ശതമാനം കുറവാണുണ്ടായത്. ഓഹരിവിപണിയില്‍ റിലയന്‍സ്, ബജാജ് ഓട്ടോ എന്നിവയ്ക്കാണ് വന്‍ നഷ്ടം. ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി എന്നിവയും ഇടിഞ്ഞു.
Next Story

RELATED STORIES

Share it