എണ്ണക്കുരു സംഭരണത്തിന് പുതിയ പദ്ധതി

ന്യൂഡല്‍ഹി: ധാന്യവിളകളും എണ്ണക്കുരുക്കളും സംഭരിക്കുന്നതിനും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനും പുതിയ പദ്ധതിയായ അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. താങ്ങുവില പദ്ധതി (പിഎസ്എസ്), വിലക്കമ്മി ഒടുക്കല്‍ പദ്ധതി (പിഡിപിഎസ്), സ്വകാര്യ ശേഖരണ സംഭരണ പദ്ധതി (പിപിപിഎസ്) തുടങ്ങിയവയെല്ലാം ഒറ്റ കുടക്കീഴില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി വരുന്നത്. പദ്ധതിപ്രകാരം വിപണിവില താങ്ങുവിലയേക്കാള്‍ താഴെ പോവുമ്പോള്‍ എണ്ണക്കുരു കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.
ധാന്യങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പൈലറ്റ്ഘട്ടമായാണ് ഇതു നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, സ്വകാര്യ സംരംഭകരെ പങ്കാളികളാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.
താങ്ങുവില നല്‍കി നിര്‍ദിഷ്ട മാര്‍ക്കറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് പിപിപിഎസ് മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ മാത്രമാവും സ്വകാര്യ പങ്കാളികള്‍ക്ക് വസ്തുക്കള്‍ സംഭരിക്കാന്‍ അനുമതിയുണ്ടാവുക.
പദ്ധതിക്ക് അധിക ഗ്യാരന്റിയായി 16,550 കോടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആകെ 45,550 കോടിയായിരിക്കും ഇതിനായുള്ള തുക. സംഭരണത്തിനായുള്ള അധിക ബജറ്റ് തുകയായി 15,053 കോടിയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ 23 ശൈത്യകാല, മണ്‍സൂണ്‍കാല വിളകളെയാണ് താങ്ങുവിലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it