Districts

എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നീക്കം

തിരുവനന്തപുരം: ഡിജിപി വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയൊഴിയുന്നതോടെ തല്‍സ്ഥാനത്തേക്ക് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം. നിലവില്‍ ഉത്തരമേഖലാ എഡിജിപി ആയ ശങ്കര്‍ റെഡ്ഡിക്കാണ് വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുറത്തുനിന്നുള്ള അജണ്ടയായി വയ്ക്കാനാണ് ആലോചിക്കുന്നത്.
ഇതോടൊപ്പം പോലിസ് ട്രെയിനിങ് എഡിജിപി രാജേഷ് ദിവാന് ഉത്തരമേഖലാ എഡിജിപിയുടെ ചുമതലയും നല്‍കും. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ റാങ്കിലുള്ള ഡിജിപിമാര്‍ക്ക് നല്‍കേണ്ട തസ്തികയാണ്. കാരണം പോലിസ് ചീഫായ ഡിജിപിയുടെ റാങ്കിലുള്ള അതേ ഉദ്യോഗസ്ഥര്‍ തന്നെ വിജിലന്‍സ് മേധാവിയാവണം. ഈ ചട്ടം അട്ടിമറിച്ചാണ് ഒരു എഡിജിപിക്ക് ചുമതല നല്‍കുന്നത്.
ഡിജിപിമാരായ ലോക്‌നാഥ് ബഹ്‌റ, ജേക്കബ് തോമസ് എന്നിവരെ അവഗണിച്ച് ഡിജിപി റാങ്കിനു താഴെയുള്ള ഒരു ഉദ്യോഗസ്ഥന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ആക്ഷേപമുണ്ട്.
മാത്രമല്ല, ഡിജിപി വിന്‍സന്‍ എം പോള്‍ ഈമാസം ഒഴിയുന്നതോടെ ബറ്റാലിയന്‍ എഡിജിപിയായ ഋഷിരാജ് സിങ് ഡിജിപിയാവും. ഋഷിരാജ് സിങിനെയും അവഗണിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ പദവി ആഭ്യന്തരവകുപ്പിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഒരു എഡിജിപിക്ക് നല്‍കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it