എഡിഎസ്-ബി സംവിധാനം ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാവും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആകാശ സുരക്ഷയ്ക്കും വ്യോമയാന ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ച എഡിഎസ്-ബി(ഓട്ടോമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്)ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാവും. ഇതിന്റെ ഭാഗമായി ഇന്ന് വിമാനത്താവളത്തില്‍ വിദഗ്ധരുടെ യോഗം ചേരും.വാരാണാസിയില്‍ നിന്നും, ഗോവയില്‍ നിന്നുമുള്ള എഡിഎസ്-ബിയിലെ വിദഗ്ധര്‍ കരിപ്പൂരിലെത്തി രണ്ട് മാസം മുമ്പ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കരിപ്പൂരില്‍ എഡിഎസ്-ബി സംവിധാനം സ്ഥാപിച്ച് അഞ്ച് വര്‍ഷമായിട്ടും കമ്മീഷന്‍ ചെയ്തിരുന്നില്ല. വിമാനങ്ങള്‍ തമ്മില്‍ പറക്കുന്ന ദൂരവ്യത്യാസവും, സമയ വ്യത്യാസവും കുറയ്ക്കുന്നതിനും, ഉപഗ്രഹ സഹായത്തോടെ വിമാനങ്ങളുടെ സ്ഥാന നിര്‍ണയം നടത്താനും എഡിഎസ്-ബി സംവിധാനം വഴി സാധിക്കും.വിദഗ്ധരുടെ പരിശോധനാ റിപോര്‍ട്ട് ഡിജിസിഎക്ക് കൈമാറിയിട്ടുണ്ട്. ഡിജിസിഎ അനുമതി ഈ മാസം ലഭിക്കും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് വിമാന കമ്പനികള്‍, വിമാനത്താവള ഉന്നതര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുന്നത്. കരിപ്പൂരില്‍ അഞ്ചുവര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയാണ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാക്കുന്നത്. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. 2012ല്‍ തുടങ്ങി 2013ല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സാങ്കേതിക കുരുക്കിലായി കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍, രണ്ടുവര്‍ഷമായി പരീക്ഷണാര്‍ഥം ഇത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരീക്ഷണം വിജയപ്രദമായതോടെയാണ് പ്രവര്‍ത്തനത്തിന് അനുമതി ലഭ്യമാക്കുന്നത്. കരിപ്പൂരില്‍ വിമാനങ്ങളുടെ ലാന്റിങിനും മറ്റും അനുമതി നല്‍കുന്ന എയര്‍ട്രാഫിക് കണ്‍ട്രോളിലെ(എടിസി) ഉദ്യോഗസ്ഥര്‍ ഇതിന്റെ പ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യയിലെ റഡാറില്ലാത്ത 14 വിമാനത്താവളങ്ങളെ എഡിഎസ്-ബി സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ റഡാറുമായി കരിപ്പൂരില്‍ സംവിധാനം ബന്ധിപ്പിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗത്തിനാണ് അത്യാധുനിക സംവിധാനമായ എഡിഎസ്-ബിയുടെ ചുമതലയുള്ളത്.
Next Story

RELATED STORIES

Share it