Gulf

എട്ട് വര്‍ഷത്തിനിടെ ആദ്യമായി  ഖത്തര്‍ പോസ്റ്റല്‍ സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പോസ്റ്റല്‍ സര്‍വീസായ ക്യു-പോസ്റ്റ് എട്ടു വര്‍ഷത്തിനിടെ ആദ്യമായി സേവനങ്ങള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചു. സേവനം മെച്ചപ്പെടുത്തുന്നതിന്റെയും പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതിന്റെയും ഭാഗമായി ജനുവരി 1 മുതല്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം ക്യു-പോസ്റ്റ് പ്രതിനിധി സ്ഥിരീകരിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ജനറല്‍ പോസ്റ്റ് ഓഫിസിന് പുറമേ നിലവില്‍ 47 ബ്രാഞ്ചുകളാണ് ഖത്തറില്‍ ക്യു-പോസ്റ്റിനുള്ളത്.
അയക്കുന്ന സാധനത്തിന്റെ ഭാരവും ലക്ഷ്യസ്ഥാനവും അനുസരിച്ചാണ് ക്യു-പോസ്റ്റില്‍ ചാര്‍ജ് ഈടാക്കുന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. നേരത്തെ ബ്രിട്ടനിലേക്ക് ചെറിയ ജന്‍മ ദിന കാര്‍ഡ് അയക്കാന്‍ 4 റിയാല്‍ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 9 റിയാലായി വര്‍ധിച്ചിട്ടുണ്ട്. അതേ സമയം, വലിയ കാര്‍ഡിന് 20 റിയാലാണ് ചാര്‍ജ്. നേരത്തേ ഇത് 7.5 റിയാലായിരുന്നു. ഖത്തറിനകത്ത് 20 ഗ്രാം വരെ ഭാരമുള്ള കത്ത് പോസ്റ്റ് ചെയ്യാന്‍ 1 റിയാല്‍ ഉണ്ടായിരുന്നത് 3.5 റിയാലായി വര്‍ധിച്ചിട്ടുണ്ട്. കോര്‍ണിഷിലുള്ള പ്രധാന പോസ്‌റ്റോഫിസില്‍ സ്വകാര്യ പിഒ ബോക്‌സ് വാടകയ്ക്ക് എടുക്കുന്നതിനുള്ള ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് 300 റിയാലോളം ഉണ്ടായിരുന്നത് 500 റിയാലായാണ് വര്‍ധിപ്പിച്ചത്. കോര്‍പറേറ്റ് ബോക്‌സിന് 1,500 റിയാല്‍ നല്‍കണം. നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നവംബറില്‍ തന്നെ ക്യു-പോസ്റ്റ് വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നിരുന്നു.
ക്യു-പോസ്റ്റിന്റെ സേവനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ചത് പ്രതിസന്ധി സൃഷ്ടിക്കും. ഖത്തറിലെ ജല, വൈദ്യുത നിരക്കുകള്‍ കഹ്‌റമ ഈയിടെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പോസ്റ്റല്‍ നിരക്കിലെ വര്‍ധന. 10 വര്‍ഷത്തിന് ശേഷമാണ് ജല, വൈദ്യുത നിരക്കില്‍ വര്‍ധനവുണ്ടായത്.
Next Story

RELATED STORIES

Share it