wayanad local

എട്ടു പോളിങ് ബൂത്തുകളില്‍ വനിതകള്‍ വോട്ടെടുപ്പ് നടത്തും

കല്‍പ്പറ്റ: വനിതാ ശാക്തീകരണം എന്ന ലക്ഷ്യവുമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടു ബൂത്തുകളില്‍ ജീവനക്കാര്‍ വനിതകള്‍ മാത്രം. നഗരപ്രദേശങ്ങളിലെ പോളിങ് ബൂത്തുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
മാനന്തവാടി മണ്ഡലത്തിലെ 52, 55, 81, കല്‍പ്പറ്റ മണ്ഡലത്തിലെ 64, 68, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ 94, 98, 102 നമ്പര്‍ ബൂത്തുകളാണ് വനിതാ ബൂത്തുകള്‍.
ഇവിടങ്ങളില്‍ സുരക്ഷ കണക്കിലെടുത്ത് വനിതാ പോലിസിനോടൊപ്പം ഒരു പുരുഷ പോലിസിനെയും നിയമിക്കണമെന്നു തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞ 47 ബൂത്തുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകാ ബൂത്തുകളാക്കി സജ്ജീകരിക്കും.
ഈ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്കെല്ലാം രണ്ടു വീതം വൃക്ഷത്തൈകള്‍ 'ഓര്‍മമരം' പദ്ധതിയുടെ ഭാഗമായി നല്‍കും. മറ്റു മുഴുവന്‍ ബൂത്തുകളിലും കന്നി വോട്ടര്‍മാര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കും 'ഓര്‍മമരം' പദ്ധതിയില്‍ വൃക്ഷത്തൈ നല്‍കും. അസൗകര്യങ്ങളുള്ളതായി കണ്ടെത്തിയ കല്‍പ്പറ്റയിലെ നാലും സുല്‍ത്താന്‍ ബത്തേരിയിലെ രണ്ടും ബൂത്തുകള്‍ അതേ സ്ഥലങ്ങളിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it