എട്ടു കോടിയുടെ മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശി പിടിയില്‍; അറസ്റ്റിലായത് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ കണ്ണി

കൊച്ചി: എട്ടു കോടിയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ആഫ്രിക്കന്‍ സ്വദേശി ഉത്തരേന്ത്യയില്‍നിന്ന് കേരളം വഴി വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന ശൃംഖലയിലെ കണ്ണിയെന്ന് കസ്റ്റംസ്.
പ്രതി ആഫ്രിക്കന്‍ സ്വദേശിയാണ് എന്ന നിഗമനമല്ലാതെ ഇയാളുടെ കൃത്യമായ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ക്ക് വ്യക്തമല്ല. ബെനിന്‍ റിപബ്ലിക്കിന്റെയും സിയേറ ലിയോണ്‍ റിപബ്ലിക്കിന്റേതുമായി രണ്ട് പാസ്‌പോര്‍ട്ടുകളാണ് ഇയാള്‍ക്കുള്ളത്. ആദ്യ പാസ്‌പോര്‍ട്ടില്‍ ജൂഡീ മിഷേലെന്നും രണ്ടാമത് പാസ്‌പോര്‍ട്ടില്‍ ബോബ്‌സണ്‍ സെസേ എന്നുമാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ യഥാര്‍ഥ പേര് എന്താണെന്ന് അധികൃതര്‍ക്ക് വ്യക്തമായിട്ടില്ല. പാസ്‌പോര്‍ട്ട് പ്രകാരം 43 വയസ്സാണിയാള്‍ക്ക്. എംബസി മുഖേന സ്ഥിരീകരണം ലഭിച്ചാലേ ഇയാളുടെ യഥാര്‍ഥ പേരും രാജ്യവും ഏതെന്ന കാര്യത്തില്‍ വ്യക്തത വരൂവെന്ന് കസ്റ്റംസ് കമ്മീഷണര്‍ കെ എന്‍ രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളത്ത് നിന്ന് കൊറിയര്‍ സര്‍വീസ് വഴി മുമ്പും ഇയാള്‍ മയക്കുമരുന്നു കടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് എറണാകുളം എംജി റോഡിലെ ഒരു കൊറിയര്‍ കമ്പനി വഴി നെതര്‍ലന്‍ഡ്‌സ്, ഗ്രീസ്, സ്‌പെയിന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച 4005 ഗ്രാം ഹെറോയിനും 300 ഗ്രാം മെതാംഫിറ്റമിനും പിടികൂടിയത്.
ഹെറോയിന്‍ നേരത്തെയും പിടികൂടിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ വന്‍വിലയുള്ള മെതാംഫിറ്റമിന്‍ ആദ്യമായാണ് പിടികൂടുന്നത്. ഏതാണ്ട് രണ്ടാഴ്ച മുമ്പ് രണ്ടാമത്തെ പാസ്‌പോര്‍ട്ട് വഴി രാജ്യാന്തര കൊറിയര്‍ ഏജന്‍സിയുടെ കളക്ഷന്‍ ഏജന്‍സിയായ ഇതേ കൊറിയര്‍ വഴി ഇയാള്‍ മയക്കുമരുന്ന് കയറ്റി അയച്ചിരുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ച് ഇയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസിന്റെ ശ്രമം. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 22 വരെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it