Flash News

എട്ടിക്കുളത്ത് വീണ്ടും ജുമുഅ തടസ്സപ്പെടുത്തി; സംഘര്‍ഷം

പയ്യന്നൂര്‍: എട്ടിക്കുളത്ത് എപി വിഭാഗം സമസ്തയുടെ നിയന്ത്രണത്തിലുള്ള തഖ്‌വ പള്ളിയില്‍ ജുമുഅ നമസ്‌കാരം തടഞ്ഞതിനെച്ചൊല്ലി വീണ്ടും സംഘര്‍ഷം. പോലിസിനു നേരെ കല്ലേറ്. ടിയര്‍ ഗ്യാസ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.  ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. മാസങ്ങളായി തഖ്‌വ പള്ളിയിലെ ജുമുഅ നമസ്‌കാരത്തെച്ചൊല്ലി ഇരുവിഭാഗവും സുന്നികള്‍ തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇന്നലെ വീണ്ടും എപി വിഭാഗക്കാര്‍ ജുമുഅ നമസ്‌കാരത്തിനായി എത്തിയപ്പോള്‍ തഖ്‌വ പള്ളിക്കു സമീപം നിലയുറപ്പിച്ച മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ ഇകെ വിഭാഗം സുന്നികള്‍ തടഞ്ഞു. ഇതോടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് കാവലുണ്ടായിരുന്ന പോലിസ് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഇരുകൂട്ടരും കൈയാങ്കളിയായി. ഇതിനിടെ പോലിസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നാണ് പയ്യന്നൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ ലാത്തിവീശിയും ടിയര്‍ ഗ്യാസ് പ്രയോഗിച്ചും അക്രമികളെ തുരത്തിയത്.
കല്ലേറില്‍ പഴയങ്ങാടി എസ്‌ഐ പി എ ബിനു മോഹനനും സിപിഒ അനില്‍ കുമാറിനും തലയ്ക്ക് പരിക്കേറ്റു. ഇവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ പഴയങ്ങാടി സ്‌റ്റേഷനിലെ പോലിസ് ജീപ്പിന്റെ ചില്ലുകളും രണ്ടു സ്വകാര്യ ജീപ്പുകളും ഒരു കാറും തകര്‍ത്തു. ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ നിരവധി പേരെ പോലിസ് പിടികൂടി. സ്ഥലത്തുണ്ടായിരുന്ന 10 ബൈക്കുകളും അഞ്ചു കാറുകളും കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂര്‍, പരിയാരം, പഴയങ്ങാടി, ചെറുപുഴ, പെരിങ്ങോം സ്റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തില്‍ 150ഓളം പോലിസുകാര്‍ രാവിലെ മുതല്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജുമുഅ നിര്‍വഹിക്കാനും നമസ്‌കാരം തടസ്സപ്പെടുത്താനും ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ സംഘടിച്ചെത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ  എ ഒ പി ഹമീദ്, അമ്പലപ്പാറ ടി കെ അബ്ദുല്‍നാസര്‍, പി കെ മിസ്ഹബ്, എം കെ മുഹമ്മദ്കുഞ്ഞി, കെ എ റശീദ് തുടങ്ങി 300പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇതില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയശേഷം പോലിസ് കാവലില്‍ ജുമുഅ നമസ്‌കാരം നടന്നു.
Next Story

RELATED STORIES

Share it