kannur local

എട്ടാമത് സഹകരണ കോണ്‍ഗ്രസ്സിന് മുണ്ടയാട്ട് ഉജ്ജ്വല തുടക്കം

കണ്ണൂര്‍: വൈവിധ്യങ്ങളിലൂടെ മുന്നോട്ട് എന്ന പ്രമേയവുമായി എട്ടാമത് സഹകരണ കോണ്‍ഗ്രസിന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നോട്ടുനിരോധനവും അതുവഴി സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തന്നെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും സഹകരണ പ്രസ്ഥാനത്തെ തളര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സമ്മേളനം. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൈക്കൊള്ളാന്‍ സഹകരണ പ്രസ്ഥാനം തയ്യാറാവണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ നയ രൂപീകരണം മുഖ്യഅജണ്ടയായി ചേര്‍ന്ന സഹകരണ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. തമിഴ്‌നാട് സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ രാജു, പുതുച്ചേരി സഹകരണ മന്ത്രി എം കന്തസ്വാമി എന്നിവര്‍ മുഖ്യാതിഥികളായി. എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കര്‍ വി പി ശിവകൊളുന്ത്, സംസ്ഥാന സഹകരണ യൂനിയന്‍ കണ്‍വീനര്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കാനം രാജേന്ദ്രന്‍, പി ജയരാജന്‍, പാട്യം രാജന്‍, പി വോണുഗോപാല്‍, എസ് എം നരസിംഹസ്വാമി, ഇ ദേവദാസ്, ഇ പി ജയരാജന്‍ എംഎല്‍എ, സഹകരണ സംഘം രജിസ്ട്രാര്‍ ഡി സജിത്ത് ബാബു സംസാരിച്ചു. തുടര്‍ന്ന് നടന്ന ദക്ഷിണേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സൗഹൃദസമ്മേളനത്തില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന സഹകരണ മന്ത്രിമാര്‍ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ കേരള സംസ്ഥാന സഹകരണനയം സംബന്ധിച്ച കരടുരേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ചു. ഇ പി ജയരാജന്‍ മോഡറേറ്ററായി നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. സഹകരണ നേതാക്കള്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ദേശീയ സെമിനാറില്‍ ഏഴ് വിഷയങ്ങളെ അധികരിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസില്‍ 14 ജില്ലകളില്‍ നിന്നുള്ള 3000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 12നു സമാപിക്കും.
Next Story

RELATED STORIES

Share it