Flash News

എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം : മോഷ്ടാക്കളുടെ ദൃശ്യം സിസി ടിവിയില്‍



കാഞ്ഞങ്ങാട്: എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം. മോഷ്ടാക്കളുടെ ചിത്രം സിസി ടിവിയില്‍ പതിഞ്ഞു. പെരിയ ബസ് സ്റ്റോപ്പിന് സമീപത്തെ കാനറാ ബാങ്കിന്റെ ശാഖയോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറാണ് ഇന്നലെ പുലര്‍ച്ചെ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, പണം നഷ്ടപ്പെട്ടിട്ടില്ല. എടിഎം കൗണ്ടറിലെ പണം സൂക്ഷിക്കുന്ന ചെസ്റ്റ് മുക്കാല്‍ ഭാഗവും തകര്‍ന്ന നിലയിലാണ്. കൗണ്ടറിലെ സുരക്ഷാ സജീകരണങ്ങളും കാമറയും തകര്‍ത്തിട്ടുണ്ട്. കൗണ്ടറിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു ശേഷം ഷട്ടര്‍ താഴ്ത്തിയാണു കവര്‍ച്ചാശ്രമം. പോലിസ് പരിശോധനയില്‍ എടിഎം കൗണ്ടറിന്റെ മുന്നിലുള്ള കാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞതു കണ്ടെത്തി. രണ്ടു പേരുടെയും മുഖം മറച്ച നിലയിലാണ്. കൈയുറകളും ധരിച്ചിട്ടുണ്ട്. കൗണ്ടറിന് മുന്നിലെത്തുന്നതും കൗണ്ടറില്‍ കടക്കുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുമ്പു കണ്ണൂര്‍ ഇരിക്കൂറിലും സമാനമായ മോഷണം നടന്നിരുന്നു. രണ്ടു മോഷണങ്ങളിലും മോഷ്ടാക്കള്‍ ഉപയോഗിച്ച ആയുധങ്ങളുടെ ബാഗിന് ഒരേ നിറമാണ്. രണ്ടു മോഷണങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നു പോലിസ് സംശയിക്കുന്നു. ബാങ്കുകള്‍ തുടര്‍ച്ചയായി നാലു ദിവസം അവധിയായതിനാല്‍ കൂടുതല്‍ പണം എടിഎമ്മുകളില്‍ നിറച്ചിരുന്നു. 20 ലക്ഷം രൂപ ബാങ്ക് നിക്ഷേപിച്ചതില്‍ നാലു ലക്ഷം രൂപ മാത്രമാണ് ഇടപാടുകാര്‍ പിന്‍വലിച്ചിട്ടുള്ളൂവെന്നും കവര്‍ച്ചാ സമയത്ത് 16 ലക്ഷം രൂപ കൗണ്ടറിലുണ്ടായിരുന്നതായും കണക്കാക്കപ്പെട്ടു. ദേശീയപാതയില്‍ പട്രോളിങ് നടത്തുന്ന പോലിസ് സംഘം കൗണ്ടറിലെ ബുക്കില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണു മോഷണം ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, ബേക്കല്‍ എസ്‌ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it