Flash News

എടവിലങ്ങ് പഞ്ചായത്തില്‍ സിപിഐ നേതാവിന്റെ വോട്ട് ബിജെപിക്ക്; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം

എടവിലങ്ങ് പഞ്ചായത്തില്‍ സിപിഐ നേതാവിന്റെ വോട്ട് ബിജെപിക്ക്; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം
X


കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ നേതാവിന്റെ വോട്ട് ബിജെപിക്ക്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപിയിലെ സജിത അമ്പാടിയാണ് നാലിനെതിരെ 5 വോട്ടുകള്‍ നേടി സിപിഐയിലെ മിനി തങ്കപ്പനെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ ചേരിപ്പോര് രൂക്ഷമായതാണ് ബിജെപിയെ വിജയിപ്പിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും, മുന്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുമായ ടി എം ഷാഫിയാണ് ബിജെപിക്ക് വോട്ട് മറിച്ചത്. കൂടാതെ സിപിഎം നേതാവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ടി കെ രമേഷ് ബാബുവും, സിപിഐയിലെ സുമ വല്‍സനും വോട്ട് അസാധുവാക്കി. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും രമേഷ് ബാബു വോട്ട് അസാധുവാക്കിയിരുന്നു.
അതേസമയം, ബിജെപിക്ക് വോട്ട് ചെയ്ത എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി എം ഷാഫിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഷാഫിയെ പുറത്താക്കിയതെന്ന് ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് രമേഷ് ബാബു തന്റെ വോട്ട് അസാധുവാക്കി പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടും നടപടിയെടുക്കാത്തത് വിവാദമായി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയം ഒരുക്കികൊടുത്ത എല്‍ഡിഎഫ് പഞ്ചായത്ത് ഭരണത്തില്‍ നിന്നും രാജിവെച്ച് എടവിലങ്ങ് പഞ്ചായത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളോട് മാപ്പ് പറയണമെന്ന് എറിയാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വോട്ട് അസാധുവാക്കി ബിജെപിക്ക് വിജയിക്കുവാന്‍ അവസരമുണ്ടാക്കി രമേശ് ബാബുവിനെതിരേ നടപടിയെടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറല്ലെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.
സിപിഎമ്മും സിപിഐയും തമ്മിലുള്ള സംഘര്‍ഷവും സിപിഎമ്മിലെ ഗ്രൂപ്പ് പോരുമാണ് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഉപാധ്യക്ഷ സ്ഥാനം തെറിക്കുന്നതില്‍ എത്തിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി എം ഷാഫിയുടെ വീട് അക്രമിച്ചതുള്‍പ്പെടെ സിപിഐ-സിപിഎം സംഘര്‍ഷം മേഖലയില്‍ ശക്തമായിരുന്നു. തന്റെ വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെടെ മിനി തങ്കപ്പന്‍ സിപിഎം അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും മിനിയെ സ്ഥാനാര്‍ത്ഥി ആക്കരുതെന്ന് താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ടി എം ഷാഫി പറഞ്ഞു.
സിപിഎമ്മിലെ പടലപ്പിണക്കവും ബിജെപിക്ക് സഹായകമായി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് കണ്ണും നട്ടിരുന്നിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി രമേഷ് ബാബുവിനെ ഒഴിവാക്കി ജൂനിയറായ എ പി ആദര്‍ശിനെ സിപിഎം നേതൃത്വം പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതോടെ രമേഷ് ബാബു ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും രമേശ് ബാബു തന്റെ വോട്ട് അസാധു ആക്കിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ത്രിപുരയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ബിജെപി ചുവടുമാറ്റം ചൂണ്ടിക്കാണിച് കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ചിരുന്ന സിപിഎമ്മിനും സിപിഐക്കും എടവിലങ്ങ് സംഭവം കുറച്ചൊന്നുമല്ല ക്ഷീണമായിരിക്കുന്നത്. കെ സുധാകരന്‍ ബിജെപി യിലേക്കെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസിന് എടവിലങ്ങിലെ  ഇടത് പക്ഷത്തിന്റെ നിലപാട് സിപിഎമ്മിനെ തല്ലാനുള്ള വടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it