ernakulam local

എടവനക്കാട് മേഖലയില്‍ കടല്‍കയറ്റം തുടരുന്നു



വൈപ്പിന്‍: വേനല്‍കാലത്തും എടവനക്കാട് മേഖലയില്‍ കടല്‍കയറ്റം തുടരുന്നു. രൂക്ഷമായ കടല്‍ക്ഷോഭം ഉണ്ടാവുന്നില്ലങ്കിലും കടല്‍ഭിത്തിയും കടന്ന് വെള്ളം കരയിലേക്കെത്തുകയാണ്. എടവനക്കാട് അണിയില്‍ കടപ്പുറത്താണ് ഇത്തരത്തില്‍ കടല്‍കയറ്റം. ഭിത്തിക്കിടയിലൂടെയും മുകളിലൂടെയുമാണ് കടല്‍ തീരദേശറോഡിലേക്കെത്തുന്നത്. ദിവസങ്ങളായി ഈ അവസ്ഥ തുടരുന്നതെങ്കിലും പരിഹാര നടപടികളൊന്നും ഉണ്ടായിട്ടില്ലന്ന് തീരവാസികള്‍ പറയുന്നു. കരയിലേക്ക് എത്തുന്ന വെള്ളം തീരദേശറോഡും മറികടന്ന് പുരയിടങ്ങളിലേക്ക് എത്തുകയാണ്. വേലിയേറ്റ സമയത്താണ് കടല്‍ കയറുന്നത്. തീരം കടല്‍ കവര്‍ന്നതോടെ മല്‍സ്യ തൊഴിലാളികള്‍ വഞ്ചികള്‍ കടല്‍ ഭിത്തിക്ക് മുകളിലാണ് വച്ചിട്ടുള്ളത്. പുരയിടങ്ങളിലേക്ക് വെള്ളം പരന്നു കെട്ടിനില്‍ക്കുന്നത് റോഡിനും വീടുകള്‍ക്കും ബലക്ഷയം ഉണ്ടാക്കുന്നുണ്ട്. കടല്‍വെള്ളത്തോടൊപ്പം മണലും കൂടി കലരുന്നതിനാല്‍ മണല്‍ വീണ് തീരദേശറോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നു.ഈ മേഖലയിലെ കടല്‍ഭിത്തിക്ക് പൊതുവെ ഉയരം കുറവാണ്. ഭിത്തി നിര്‍മാണത്തിലെ അപാകതയാണ് കടല്‍ ഇത്തരത്തില്‍ കരയിലേക്കൊഴുകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കടലാക്രമണഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ശാശ്വത പരിഹാരമെന്ന നിലയില്‍ ഇവിടെ പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. പുലിമുട്ടുകള്‍ സ്ഥാപിച്ച എടവനക്കാട് ചാത്തങ്ങാട് കടപ്പുറത്ത് കടല്‍കയറ്റം അനുഭവപ്പെടുന്നില്ല. സാധാരണ കടല്‍കയറ്റം ഉണ്ടാവുമ്പോള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും ആശ്വസനടപടികള്‍ സ്വീകരിക്കുന്നതുമാണെങ്കിലും ഇക്കുറി ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കാലവര്‍ഷം ആരംഭിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സ്ഥിതി കൂടുതല്‍ രൂക്ഷമാവുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍.
Next Story

RELATED STORIES

Share it