ernakulam local

എടവനക്കാട് ചാത്തങ്ങാട് ബീച്ച് കടല്‍ കവര്‍ന്നു

വൈപ്പിന്‍: ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈപ്പിന്‍ തീരത്ത് കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ എടവനക്കാട് ചാത്തങ്ങാട്  ബീച്ചിലെ തീരം കടല്‍ കവര്‍ന്നു. നോക്കെത്താ ദൂരത്തോളം ഉണ്ടായിരുന്ന തീരം മുഴവനായും കടല്‍ക്ഷോഭത്തില്‍ ഒലിച്ചു പോയി.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ചതും മണ്ണ് വീണ് മൂടികിടന്നിരുന്നതുമായ കടല്‍ഭിത്തി കാണാവുന്ന രീതിയിലാണ് തീരം ഇപ്പോഴുള്ളത്. ശനിയാഴ്ച രാത്രിയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കൂറ്റന്‍ തിരമാലകളാണ് തീരത്തേക്ക് അടിച്ചു കയറിയത്. ഇനി കടല്‍ക്ഷോഭമുണ്ടായാല്‍ എടവനക്കാട് ചാത്തങ്ങാട് കടലും സമീപത്തുള്ള ചെമ്മീന്‍ കെട്ടും ഒന്നാവുന്ന രീതിയിലുള്ള വഴി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തീരദേശവാസികള്‍ പറയുന്നു.
കരിങ്കല്ലും മണല്‍ച്ചാക്കും മറ്റും നിറച്ച് ഈ ഭാഗം ബലപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം മണല്‍വീണ് സഞ്ചാരയോഗ്യമല്ലാതായ ചാത്തങ്ങാട് ബീച്ച് റോഡിലെ മണല്‍ നാട്ടുകാര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. കുഴുപ്പിള്ളി ഭാഗത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരത്ത് ജനങ്ങള്‍ ചാക്കില്‍ മണല്‍ നിറച്ച് താല്‍ക്കാലിക മണല്‍ ഭിത്തി നിര്‍മിച്ചിരിക്കുന്നത്. അതേസമയം കടല്‍ ക്ഷോഭത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് എടവനക്കാട് പഴങ്ങാട്, അണിയില്‍ എന്നിവിടങ്ങളിലാണ്. ഇവിടെ കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്.
വൈപ്പിനിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് നിരവധിപേരായാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുന്നത്.
Next Story

RELATED STORIES

Share it