malappuram local

എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ പോരാട്ടം കനക്കും

മഞ്ചേരി: എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ പൊരിഞ്ഞ പോരാട്ടം. പത്തപ്പിരിയം ഏഴുകളരി, അയിന്തൂര്‍, കുണ്ടുതോട് വാര്‍ഡുകളിലാണ് പോരാട്ടം കനക്കുന്നത്. പി കെ ബഷീര്‍ എംഎല്‍എയുടെ വാര്‍ഡായ പത്തപ്പിരിയത്താണ് പഞ്ചായത്ത് ഉറ്റു നോക്കുന്ന പ്രധാന മത്സരം നടക്കുന്നത്. ഇവിടെ പോരിനിറങ്ങിയ ലീഗ് പ്രവര്‍ത്തകരായ എന്‍ ഉസ്മാന്‍ മദനിക്കും എ അഹമ്മദ് കുട്ടിക്കും കോണി ചിഹ്നം അനുവദിക്കാത്തതിനാല്‍ സ്വതന്ത്രരായാണ് മല്‍സരിക്കുന്നുവെന്നതാണ് രസകരം. ഇതിനു പുറമെ ഇരുവരും മുജാഹിദ് പ്രവര്‍ത്തകരും ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈ.പ്രസിഡന്റുമാരും ആണ്.
രണ്ടാം തവണ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉസ്മാന്‍ മദനി 2000-ത്തില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. മൂന്നാംതവണ മത്സരിക്കുന്ന അഹമ്മദ് കുട്ടി 2005-ലെ വൈസ് പ്രസിഡന്റും നിലവിലെ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനുമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഈ വാര്‍ഡില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് വാര്‍ഡ് കമ്മിറ്റി ഏകപക്ഷീയമായി തീരുമാനിച്ചിരുന്നുവെന്ന് അഹമ്മദ് കുട്ടി പറയുന്നു. എന്നാല്‍ 2014-ല്‍ പിരിച്ചുവിട്ട വാര്‍ഡു കമ്മിറ്റിയെങ്ങിനെ ഈ തീരുമാനമെടുക്കുമെന്ന് ഉസ്മാന്‍ മദനിയും തിരിച്ചടിക്കുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് ലീഗ് ഇരുവര്‍ക്കും ചിഹ്നം അനുവദിക്കാതിരുന്നത്.
ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ലീഗ് അംഗമാക്കാനാണ് നിലവിലുള്ള ധാരണ. മുസ്‌ലീം ലീഗ് പ്രവര്‍ത്തരുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഇരുവരും അവകാശപ്പെടുന്നുണ്ട്. മരണപ്പെട്ട എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ പ്രദേശം കൂടിയായതിനാല്‍ മുജാഹിദ് വിഭാഗത്തിന്റെ വോട്ടുകള്‍ നിര്‍ണായകമാണ്. മടവൂര്‍ വിഭാഗത്തിന്റേയും വിസ്ഡം ഗ്രൂപ്പിന്റേയും പിന്തുണയുണ്ടെന്ന് ഉസ്മാന്‍ മദനിയും ഔദ്യോഗിക വിഭാഗം എന്റെ കൂടെയാണെന്ന് അഹമ്മദ് കുട്ടിയും പറയുന്നൂ. ഇരുവരുടെയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്റെ മുഹമ്മദ് സലീമിന് വോട്ടു കൂടുമോയെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്. അതേസമയം ബിജെപി വോട്ടുകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗ് രണ്ടാവുമെന്ന ആശങ്കയുണ്ടായിട്ടും ഇരുവര്‍ക്കും അവസരം കൊടുത്തതില്‍ നിരാശരായ ലീഗിലെ നിഷ്പക്ഷമതികളുടെ വോട്ടുകള്‍ എങ്ങോട്ടു പോവുമെന്നും കണ്ടറിയേണ്ടി വരും.
അയിന്തൂരില്‍ ത്രികോണമത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ വാര്‍ഡില്‍ ലീഗും മല്‍സര രംഗത്തുണ്ട്. ഈയിടെ മുസ്‌ലിം ലീഗില്‍ ചേര്‍ന്ന വി ലുഖ്മാനും ഗ്രാമപ്പഞ്ചായത്തിലെ മികച്ച യുവകര്‍ഷക അവാര്‍ഡു നേടിയ കോണ്‍ഗ്രസിലെ മണ്ണില്‍കടവന്‍ അലവിയും ഇടതു പക്ഷത്തിലെ ഉണ്ണിയും തമ്മിലാണ് മത്സരം.
ലീഗില്‍ ചേരുന്ന സമയത്ത് ഈ വാര്‍ഡ് ലുഖ്മാന് നല്‍കാമെന്ന് ലീഗ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാര്‍ഡ് ലീഗിന് വിട്ടു കൊടുക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് മത്സരം കടുപ്പമായത്. യുഡിഎഫ് കമ്മിറ്റി ഈ വാര്‍ഡില്‍ സൗഹാര്‍ദ്ദ മത്സരമാണ് തീരുമാനിച്ചതെങ്കിലും ഇരുവരും കടുത്ത പോരാട്ടം തന്നെയാണ് നടത്തുന്നത്. യുഡിഎഫ് രണ്ടായതോടെ ഇടതു പക്ഷത്തിന്റെ ഉണ്ണിക്ക് സാധ്യതയുണ്ട്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ജനസമ്പര്‍ക്കം കൂടുതലായതിനാല്‍ ഇടതിന്റെ വോട്ടില്‍ വിള്ളല്‍ വീഴുമോയെന്ന സാധ്യതക്കനുസരിച്ചാവും ജയ പരാജയങ്ങള്‍.
ഏഴുകളരിയിലാണ് മറ്റൊരു മത്സരം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 435 വോട്ടുകള്‍ക്ക് ജയിച്ച ഈ വാര്‍ഡിലും ലീഗും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.യുത്ത് ലീഗ് നേതാവ് വി പി ലുഖ്മാനും കോണ്‍ഗ്രസിന് വടക്കന്‍ അഷ്‌റഫുമാണ് സ്ഥാനാര്‍ത്ഥികള്‍. ഈ വാര്‍ഡ് ഇത്തവണ ലീഗിന് നല്‍കണമെന്ന ധാരണ അംഗീകരിക്കാത്തതോടെയാണ് ലീഗ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലുള്ള മിടുക്കാണ് ലീഗ് അവസരമായി കാണുന്നത്. എന്നാല്‍ ഈ ഭിന്നത ഇടതു സ്ഥാനാര്‍ത്ഥി വി പി അഷ്‌റഫ് മുതലെടുത്താല്‍ ചിത്രം മാറി മറിയും.
ആറാം വാര്‍ഡായ കുണ്ടുതോടിലും മികച്ച മത്സരമുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വി പി സീതി റിബല്‍ സ്ഥാനാര്‍ത്ഥിയാണ്. അതേസമയം ലീഗ് അനുഭാവിയാണ് ഇടതു സ്ഥാനാര്‍ത്ഥി ഷാക്കിര്‍. കുറച്ച് ലീഗ് വോട്ടുകള്‍ ഇടത്തേക്കും കോണ്‍ഗ്രസ് വോട്ടുകള്‍ റിബലിനും പോയാല്‍ ലീഗ് സ്ഥാനാര്‍ത്ഥി ഷറഫൂദ്ദീന്‍ വിയര്‍ക്കുമെന്നാണ് നിഗമനം. ഇരു സുന്നി വിഭാഗങ്ങളുടെ വോട്ടുകള്‍ ജയപരാജയം നിര്‍ണയിക്കാന്‍ പര്യാപ്തമാണ്. ലീഗും കോണ്‍ഗ്രസും സൗഹാര്‍ദ്ദ മത്സരത്തിലാണെങ്കിലും തിരഞ്ഞെടുപ്പടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുമോയെന്ന സ്ഥിതിയിലാണ് യുഡിഎഫ് നേതൃത്വം. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള മത്സരം വാശി കൂടിയാല്‍ തുക്കുപഞ്ചായത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങിനെയായാല്‍ പത്തപ്പിരിയം വാര്‍ഡിലെ ജേതാവ് വിധിനിര്‍ണായക സ്ഥാനാര്‍ത്ഥിയാവുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it