malappuram local

എടവണ്ണ കാന്‍സര്‍ നിര്‍ണയ സെന്റര്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്



മലപ്പുറം:  ജില്ലയിലെ ആദ്യ കാന്‍സര്‍ രോഗ നിര്‍ണയ സെന്ററിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. എടവണ്ണ സാമൂഹികആരോഗ്യ കേന്ദ്രത്തിലാണ് കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം വരുന്നത്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിക്ക് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗം രൂപം നല്‍കി. പി കെ ബഷീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു ഒരു കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലാണ്. പദ്ധതി പുരോഗതി വിലയിരുത്താന്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെയും ഡിഎച്ച്‌സിലെയും വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. മലപ്പുറം എഡിഎം വിജയന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍, ഡിഎംഒ ഡോ സക്കീന, ഡിഎച്ച്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ബിപിന്‍ ഗോപാല്‍, അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് പറമ്പാടന്‍ ലക്ഷ്മി, എടവണ്ണ പ്രസിഡന്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. സെന്ററില്‍ മികച്ച ഡോക്ടര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത മൂന്ന് ഡോക്ടര്‍മാര്‍ക്ക് മൂന്ന് മാസം മലബാര്‍ കാന്‍സര്‍ സെന്ററില്‍ പരിശീലനം നല്‍കാന്‍ തീരുമാനമായി. ആശുപത്രി ജീവനക്കാര്‍ക്കും മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കുമെന്ന് എംഎല്‍എ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ കാന്‍സര്‍ നിര്‍ണയവും പ്രാരംഭ ചികില്‍സകളും നടത്താന്‍ എടവണ്ണ കാന്‍സര്‍ സെന്റര്‍ യാഥാര്‍ഥ്യമാവുന്നതോടെ സാധ്യമാവും. എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും എംഎല്‍എയുടെ ശ്രമഫലമായി സ്വകാര്യ വ്യക്തികളുടെ സംഭാവനകളും ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണവും അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സാമൂഹികആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് കാന്‍സര്‍ രോഗ നിര്‍ണയ സെന്റര്‍ വരുന്നത്.
Next Story

RELATED STORIES

Share it