thrissur local

എടമുട്ടത്ത് വീട്ടില്‍ മോഷണം; സ്‌കൂട്ടറും ഇലക്ട്രിക് ഉപകരണങ്ങളും കവര്‍ന്നു

തൃപ്രയാര്‍: എടമുട്ടത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണം. സ്‌കൂട്ടറും ഇലക്ട്രിക് ഉപകരണള്‍ ഉള്‍പ്പടെ കവര്‍ന്നു. ലാപ്‌ടോപ്, ഐപാഡ്, മൊബൈ ല്‍ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. എടമുട്ടം ബീച്ച് റോഡിന് സമീപം എല്‍ഐസി ഏജന്റ് വാഴൂര്‍ ദിലീപ്കുമാറിന്റെ ഇരുനില വീട്ടിലും, വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസിലുമാണ് മോഷണം നടന്നത്.
ദിലീപും കുടുംബവും ഓസ്‌ട്രേലിയയിലുള്ള മകന്റെ വീട്ടിലേക്ക് പോയ അവസരത്തിലാണ് കവര്‍ച്ച. വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലാണ് എല്‍ഐസി സംബന്ധമായ ഓഫീസ് പ്രവര്‍ത്തനം നടന്നിരുന്നത്. വീടിന്റെ ഗെയ്റ്റിലെയും, ഔട്ട്ഹൗസിലെയും താഴുകള്‍ കാണാതായതാണ് മോഷണം നടന്നെന്ന സംശയത്തിന് കാരണമായത്. താഴ് നഷ്ടപ്പെട്ട ഔട്ട്ഹൗസ് തുറന്നപ്പോള്‍ അകത്ത് മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും കാണാതായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ വലിയ ലോക്ക് തകര്‍ത്തതായി കണ്ടെത്തി. പൂട്ടിയിട്ട മൂന്ന് കിടപ്പ് മുറികള്‍ ലോക്കുകള്‍ തകര്‍ന്ന് തുറന്നുകിടന്നിരുന്നു. മുറികളിലെ അലമാരകളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് പുറമേ അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്, വിലപിടിപ്പുള്ള മൊബൈല്‍ഫോണ്‍, ഐപാഡ് എന്നിവയും മോഷ്ടാക്കള്‍ കവര്‍ന്നു. വീടിനകത്ത് പണവും, സ്വര്‍ണ്ണവും സൂക്ഷിച്ചിരുന്നില്ല.
ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം നിര്‍ത്തിയിട്ടിരുന്ന ആഡംബരകാര്‍ കടത്തികൊണ്ടു പോകാനുള്ള ശ്രമവും നടന്നിട്ടുണ്ട്. കാറിന്റെ ഡോറുകള്‍ തുറന്നുകിടന്ന നിലയിലായിരുന്നു. എന്നാ ല്‍ കാറിന്റെ താക്കോല്‍ വീടിനകത്ത് നിന്ന് കണ്ടെത്തി. മോഷണ വിവരം അറിഞ്ഞ് വലപ്പാട് എസ്എച്ച്ഒ ടി കെ ഷൈജു, എസ്‌ഐ  ഇ ആര്‍ ബൈജു എന്നിവര്‍ സ്ഥലത്തെത്തി.
തൃശൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ ഡോണ എന്ന നായ മണംപിടിച്ച് വീടിന് പുറകുവശത്തെ അരകിലോമീറ്റര്‍ ദൂരെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മോട്ടോര്‍പുരയ്ക്ക് മുന്‍പില്‍ നിന്നു.
സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.അതേസമയം, ഇരിങ്ങാലക്കുടയില്‍ പൂട്ടികിടന്ന വീടിന്റെ വാതില്‍ കുത്തിതുറന്ന് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നു.
4 പവന്‍ സ്വര്‍ണവും 10,000 രൂപയും മറ്റ് വില പിടിപ്പുള്ള വസ്തുക്കളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കടലായി ഇപ്പുള്ളി അലിമോന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു മോഷണം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുപ്പിനെത്തി.
പോലിസ് നായ മണം പിടിച്ച് മുന്‍വശത്തെ ഗേറ്റ് വഴി റോഡിലൂടെ വീടിന്റെ വടക്ക് വശത്തുള്ള കടവരെ പോയി മടങ്ങി. ഇരിങ്ങാലക്കുട എസ്‌ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it