എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ മുഖ്യ സാക്ഷിയാക്കി കേസ് പിന്‍വലിക്കാന്‍ തീരുമാനം

തിരുവനന്തപുരം/പൊന്നാനി: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശനെതിരേ കേസെടുത്ത തെറ്റായ നടപടി ഒടുവില്‍ തിരുത്തി. സതീശനെതിരായ കേസ് പിന്‍വലിക്കാന്‍ മലപ്പുറം എസ്പിക്ക് നിര്‍ദേശം കൈമാറി. സതീശനെ മുഖ്യ സാക്ഷിയാക്കാനാണ് തീരുമാനം. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലിസ് മേധാവി നിയമോപദേശം തേടിയിരുന്നു. തിയേറ്റര്‍ ഉടമ തെളിവ് നശിപ്പിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ത്തന്നെ അയാള്‍ക്കെതിരെയെടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്. സംഭവം പോലിസിനെ അറിയിക്കുന്നതില്‍ സതീശന്‍ ബോധപൂര്‍വമായ വീഴ്ചവരുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിയേറ്ററില്‍ വച്ച് 10 വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പീഡനവിവരം അറിഞ്ഞിട്ടും അത് പോലിസിനെ അറിയിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീശനെ പോലിസ് അറസ്റ്റ് ചെയ്തത്.
10 തവണയോളം സതീശനെയും തിയേറ്ററിലെ ജീവനക്കാരെയും ചോദ്യംചെയ്തതിനു ശേഷം സതീശനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും അത് പോലിസിനെ അറിയിക്കാതെ മറച്ചുവച്ചെന്ന പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരമാണ് പോലിസ് സതീശനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം തിയേറ്റര്‍ ഉടമയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം കഴിഞ്ഞദിവസം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സതീശനെ സ്റ്റേഷന്‍ ജാമ്യത്തി ല്‍ വിട്ടയക്കുകയായിരുന്നു. ഏപ്രില്‍ 18നാണ് മൊയ്തീന്‍കുട്ടി എന്നയാള്‍ എടപ്പാള്‍ ശാരദാ തിയേറ്ററില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം സിസിടിവിയിലൂടെ ശ്രദ്ധയില്‍പ്പെട്ട തിയേറ്റര്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിഷയം ചങ്ങരംകുളം പോലിസില്‍ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നത് പോലിസ് മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയും ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പോക്‌സോ വകുപ്പ് പ്രകാരം എസ്‌ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Next Story

RELATED STORIES

Share it